
സ്വന്തം ലേഖകൻ
കാസർകോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്.
അഞ്ജുവിന്റെ ശരീരത്തിൽ എലിവിഷം ചെന്നിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. ഇതിൽ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് പോലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ജനുവരി അഞ്ചിന് സ്വകാര്യ ലാബിൽ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയിൽ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്നുള്ള വിശദ പരിശോധനയിലാണ് വിഷാംശ സാന്നിധ്യം കണ്ടെത്തുന്നത്. എലിവിഷം പോലുള്ള വിഷാംശം ശരീരത്തിൽ ചെന്നതിനുള്ള ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കരളിനാണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടായതെന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുഴിമന്തി, മയോണൈസ്, ഗ്രീൻചട്ണി, ചിക്കൻ 65 എന്നിവയാണ് കഴിച്ചതെന്നാണ് വിവരം. എന്നാൽ കുഴിമന്തിയല്ല മരണകാരണമെന്ന വിവരങ്ങൾ പുറത്തു വന്നതോടെ വലിയ ദുരൂഹതയാണ് ഈ വിഷയത്തിൽ ഉയരുന്നത്. അഞ്ജുശ്രീക്കൊപ്പം കുഴിമന്തി കഴിച്ച മറ്റാർക്കും പ്രശ്നമില്ലെന്നുള്ളതും വലിയ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അന്ന് പാഴ്സൽ വാങ്ങിയ കുഴിമന്തി അഞ്ജുശ്രീയെ കൂടാതെ അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കഴിച്ചിരുന്നു. പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധുവായ പെൺകുട്ടിക്കും ഛർദ്ദിയും ക്ഷീണവുമുണ്ടാകുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബന്ധുവായ കുട്ടിക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിവരങ്ങളും അതിനുപിന്നാലെ പുറത്തു വന്നിരുന്നു. ഛർദ്ദിച്ച് അവശയായ അഞ്ജുശ്രീയെ കാസർകോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
കരൾ അടക്കം ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നതിനാൽ ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കുകയായിരുന്നു. സാധാരണ ഭക്ഷ്യ വിഷബാധകളിൽ നിന്ന് വ്യത്യസ്തമായ തെളിവുകളാണ് പുറത്ത് വരുന്നതെന്നും വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കാനുമാണ് പോലീസിന്റെ തീരുമാനം.