ഇത് എന്തൊരു ‘പിടിച്ചുപറി’; 1000 രൂപയുടെ ഭക്ഷണം കഴിച്ചതിന് 97 രൂപ എസി ചാർജ് ..! ഇതിലും ഭേദം കായീസ് ഹോട്ടലുകാർ കമ്പിപ്പാരയുമായി റോഡിലിറങ്ങുന്നതാണ് ; എറണാകുളം കായീസ് ഹോട്ടലിനെതിരെ വ്യാപക പരാതി

Spread the love

കൊച്ചി: നഗരത്തിലെ പ്രശസ്ത റസ്റ്റോറൻ്റുകളിലൊന്നായ ഡി.എച്ച്‌. റോഡിലെ കായീസ് ഹോട്ടലിനെതിരെ (ഡർബാർ ഡൈൻ) അമിതമായി എ.സി. ചാർജ് ഈടാക്കുന്നുവെന്ന് വ്യാപകമായ പരാതി ഉയരുന്നു.

ആയിരം രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ ഏകദേശം നൂറ് രൂപ എ.സി. ചാർജായി നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. നഗരത്തില്‍ സമാനഹോട്ടലുകളില്‍ മിക്കതിലും എ സി ഹാളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പ്രത്യേകം തുക ഈടാക്കുന്നില്ലെന്നിരിക്കെയാണ് സംഭവം പരാതിക്കിടനല്‍കുന്നത്.

ഒരു യുവാവ് തനിക്ക് ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1071 രൂപയുടെ മൊത്തം ബില്ലില്‍ 97.4 രൂപ ‘എ.സി.ഡൈൻ ഫെസിലിറ്റി’ എന്ന പേരില്‍ അധികമായി ഈടാക്കിയതായാണ് ബില്ലില്‍ വ്യക്തമാകുന്നത്.
നല്‍കിയ ബില്‍ പ്രകാരം, മൂന്ന് ചിക്കൻ ബിരിയാണിക്ക് 630 രൂപ, മട്ടണ്‍ റോസ്റ്റിന് 250 രൂപ, രണ്ട് ലൈം ജ്യൂസിന് 70 രൂപ, മൂന്ന് പപ്പടത്തിന് 24 രൂപ എന്നിങ്ങനെയാണ് വില. ഇതിനൊപ്പമാണ് 97.40 രൂപയുടെ ‘എ.സി.ഡൈൻ ഫെസിലിറ്റി’ ചാർജും, തുടർന്ന് ജി.എസ്.ടി.യും ഈടാക്കിയിട്ടുള്ളത്. ഈ എ.സി. ചാർജ് മൊത്തം ബില്‍ തുകയുടെ ഏകദേശം 10% വരും, ഇത് അമിതവും അന്യായവുമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് റസ്റ്റോറൻ്റുകളില്‍ ഇത്രയും ഉയർന്ന എ.സി. ചാർജ് ഈടാക്കാറില്ലെന്നും, പത്തോ പരമാവധി ഇരുപതോ രൂപയാണ് ഈ ഇനത്തില്‍ ഈടാക്കാറുള്ളതെന്നും ഉപഭോക്താവ് പറയുന്നു.
അതേസമയം, എ.സി. ഡൈനിംഗ് ഹാളിലേക്ക് കയറുന്ന ഭാഗത്ത് വളരെ ചെറിയ അക്ഷരത്തില്‍, ബില്ലിന്റെ 10% എ.സി. സൗകര്യം ഉപയോഗിക്കുന്നതിനുള്ള ചാർജ്ജ് ഈടാക്കുമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, ഈ ബോർഡ് ശ്രദ്ധയില്‍പ്പെടില്ല എന്നതാണ് വാസ്തവമെന്ന് പരാതിക്കാരൻ പറയുന്നു.

ബിരിയാണിയുടെ പേരില്‍ നഗരത്തിലെ അറിയപ്പെടുന്ന ഹോട്ടല്‍ എന്ന നിലയില്‍ അനേകം പേരാണ് ഇവിടെയെത്തുന്നത്. എറണാകുളത്ത് കുടുംബസമേതം പല ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് പതിവുള്ള തനിക്ക് ഇത്രയും ഭീമമായ തുക ഈ ഇനത്തില്‍ ഈടാക്കിയത് ആദ്യ അനുഭവമാണെന്നും, ഇത് തികച്ചും ‘പിടിച്ചുപറി’ ആണെന്നും പരാതിക്കാരനായ യുവാവ് വ്യക്തമാക്കുന്നു.