
കായംകുളം: അഭിഭാഷകൻ പിതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ടത് ലഹരിപ്പുറത്തുള്ള തർക്കം മൂലമല്ലെന്നും, സാമ്പത്തിക ലക്ഷ്യത്തോടെയുള്ള ആസൂത്രിത കൊലപാതകമാണെന്നുമാണ് പോലീസിന് ലഭിക്കുന്ന സൂചന.
ലഹരിക്ക് അടിമയായിരുന്ന മകൻ നവജിത് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അക്രമം നടത്തിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നടരാജന്‍റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷത്തോളം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും കൈക്കലാക്കാനുള്ള ശ്രമമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
പണം ആവശ്യപ്പെട്ട് മകൻ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നതിനാൽ നടരാജൻ അലമാരയുടെ താക്കോൽ എപ്പോഴും ഷർട്ടിന്‍റെ പോക്കറ്റിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ സംഭവത്തിന് ശേഷം പോലീസ് പരിശോധിക്കുമ്പോൾ അലമാരയിൽ മറ്റൊരു താക്കോൽ കണ്ടെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പെയർ താക്കോൽ ഉപയോഗിച്ച് അലമാര തുറക്കാൻ നവജിത് ശ്രമിച്ചിരുന്നതായാണ് ഇത് നൽകുന്ന സൂചന. സംഭവം നടന്ന ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ വഴക്കുണ്ടാവുകയും, തുടർന്ന് നവജിത് പലതവണ പുറത്തുപോവുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.



