നിവിൻ പോളി പകർന്നാടിയ പെരുമയുള്ള ‘കൊച്ചുണ്ണി’ തകർത്തു; ഇത്തിക്കര പക്കിയായി മോഹൻലാലിന്റെ തകർപ്പൻ പ്രകടനവും
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ കള്ളന്മാരുടെ വീര നായകൻ ‘കൊച്ചുണ്ണി’യുടെ ചരിത്രകഥ റോഷൻ ആൻഡ്രൂസും, ടീമും സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. കൊച്ചുണ്ണിയുടെ ഉറ്റമിത്രമായ ‘ഇത്തിക്കരപക്കി’യുടെ വേഷത്തിൽ മോഹൻലാൽ അതിശയിപ്പിക്കാനെത്തുമെന്ന മാറ്റൊരു വിളംബരം കൂടി പുറപ്പെട്ടതോടെ ആരാധകർ ആവശത്തിന്റെ ലഹരിയിലായി!. ചിത്രത്തിലെ മോഹൻലാലിൻറെ ലുക്കടക്കം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതോടെ നിവിൻ പോളിയുടെ ‘കൊച്ചുണ്ണി’ വേഷത്തിന്റെ തീവ്രത പതിയെ പതിയെ ചോർന്നു തുടങ്ങി, പിന്നീടു മോഹൻലാലിൽ നിന്നായി ചിത്രത്തിന്റെ വിപണന വീര്യം!. കായംകുളം കൊച്ചുണ്ണിയെന്ന പോലെ ഗമയോടെ ഇത്തിക്കരപക്കിയും പോസ്റ്ററിലെ പ്രതിഭാസമായി.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് ബോബി-സഞ്ജയ് ടീം രചന നിർവഹിച്ച ‘കായംകുളം കൊച്ചുണ്ണി’ ഒരു റോഷൻ ആൻഡ്രൂസ് ചിത്രമെന്ന നിലയിലാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. മഴക്കെടുതിയിൽ മുങ്ങിപ്പോയ ‘കായംകുളം കൊച്ചുണ്ണി’യ്ക്ക് ഓണറിലീസായി തിയേറ്ററിലെത്താൻ സാധിച്ചില്ലെങ്കിലും വൈകിയെത്തിയിട്ടും ആഘോഷങ്ങളോടെ മോഹൻലാൽ ഫാൻസും, നിവിൻ പോളി ഫാൻസും ചേർന്ന് കയ്യടികളോടെ സ്വീകരിച്ച ചിത്രം അതിരാവിലെതന്നെ തിയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചു. കാലം പിന്നിലേക്ക് തിരിയുന്ന ബ്രിട്ടീഷ് ഭരണത്തിന്റെയും,നാട്ടുപ്രമാണിമാരുടെയും നെറികേടിന്റെ കഥ മലയാള സിനിമയ്ക്ക് അന്യമല്ല, വീരയോദ്ധാക്കളുടെ ചരിത്ര സൃഷ്ടികൾ മോളിവുഡ് സിനിമയ്ക്ക് പലതവണ വിഷയമായിട്ടുണ്ട്. കായംകുളം നിവാസികളുടെ സ്വന്തം തസ്‌കരവീരൻ കായംകുളം കൊച്ചുണ്ണിയുടെ കഥ രണ്ടാം തവണയാണ് സിനിമയ്ക്ക് വിഷയമാകുന്നത്. 1966-ൽ പിഎ തോമസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’യിൽ സത്യനായിരുന്നു കൊച്ചുണ്ണിയായി വേഷമിട്ടത്, സത്യന്റെ ‘കൊച്ചുണ്ണി’ വേഷം അന്നത്തെ പ്രേക്ഷകർ അത്ഭുതപൂർവ്വം കണ്ടിരുന്നപ്പോൾ ഇന്നത്തെ കൊച്ചുണ്ണിയായി നിവിൻ പോളിയുടെ നടനവൈഭവം ആഴത്തിൽ അളക്കാൻ പ്രേക്ഷകരും അക്ഷമരായി തിയേറ്ററിൽ നിലയുറപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചുണ്ണിയോട് മോഹം തോന്നുന്ന ക്ഷൂദ്രപെണ്ണും, കളികൂട്ടുകാരിയും, കളിത്തോഴനും കളരിഗുരുക്കളും കായംകുളം കൊച്ചുണ്ണിയിലെ കലർപ്പില്ലാത്ത കഥാപാത്രമായി രംഗത്ത് നിർത്തുന്നുണ്ട്.
നാട്ടുപ്രമാണിമാർക്കെതിരെ പടവെട്ടി ദേശത്തെ രാജനായകൻറെ പദവി വരിക്കുന്ന കൊച്ചുണ്ണിയുടെ രണ്ടാം വിവരണം തെറ്റില്ലാത്ത ചലച്ചിത്ര കാഴ്ചയായി മനസ്സിലൊട്ടുന്നു. വൈകാരികമായ തലങ്ങൾ എടുത്തെറിയാതെ വൃത്തിയോടെ ഡയലോഗ് എഴുതിയും, കണ്ടിരിക്കാൻ മികവുള്ള നിലാവരത്തോടെ തിരക്കഥ രചിച്ചും ബോബി സഞ്ജയ് സഹോദരങ്ങൾ തങ്ങളുടെ ഭാഗം ഭംഗിയായി നിർവഹിച്ചു, കീഴ്ജാതിയിലെ പെണ്ണിനെ കിടക്കപായിലേക്ക്ക്ഷണിക്കുന്ന ഉയർന്ന ജാതിക്കാരന്റെ ഉച്ചിയിലെ ഉഗ്രൻ വിഷം കാലാകാലങ്ങളായി സിനിമയിൽ പറഞ്ഞു പോന്നിട്ടുള്ളവയായതിനാൽ കായംകുളം കൊച്ചുണ്ണിയിലും അത്തരം സീനുകൾ തളംകെട്ടുന്നു, എന്നിരുന്നാലും ചരിത്രകഥയിൽ കണ്ടു മടുത്തിട്ടുള്ള നിരവധി രംഗങ്ങളെ പടിയടച്ച് പുറത്തു നിർത്തുന്നുണ്ട് ബോബി സഞ്ജയ്മാർ.
മോഹൻലാൽ ചെയ്ത ഇത്തിക്കരപക്കിയുടെ വേഷം സിനിമയുടെ ഗതി അടിമുടിമാറ്റുന്നുണ്ട്, പമ്മിയിരുന്നു പൈങ്കിളി മനസോടെ സിനിമ കണ്ട പ്രേക്ഷകർ മൂർഖൻറെ തലയെടുപ്പോടെയാണ് ഇത്തിക്കരപക്കിയുടെ വരവിനു ശേഷം സിനിമ വീക്ഷിച്ചത്. ഇതിഹാസ നടന്മാർ ഇരുപത് മിനിറ്റിൽ സ്‌ക്രീനിൽ നിറഞ്ഞാലും അതൊരു അരങ്ങാണ്, ഏറെ ജനപിന്തുണയും അഭിനയ ശേഷിയുമുള്ള ഒരു നടനെ ഏറ്റവും നന്നായി സിനിമയിൽ പ്രയോജനപ്പെടുത്തുന്നത് എത്ര മനോഹരമാണ്. ഇത്തിരിയോളമുള്ള ഇത്തിക്കര ദേശത്തെ വീരനായ പക്കി ഒത്തിരിയോളം പ്രേക്ഷകനെ പിന്തുടരുന്നു. മോഹൻലാൽ വന്നു പോകുന്നത് വരെയുള്ള സീനുകൾ റോഷൻ ആൻഡ്രൂസ് വളരെയധികം മിതത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. വിശ്വസിച്ചവരുടെ ചതിയിൽപ്പെട്ടു കീഴടങ്ങുമ്പോൾ അടവ് പഠിച്ച വീരനായകന്റെ ഉണർവ്വോടെ ചിത്രം പരിസമാപ്തി കുറിക്കപ്പെടുന്നു.