
സ്വന്തം ലേഖകൻ
കുമരകം : ബുധനാഴ്ച പുലർച്ചെ വേമ്പനാട്ടുകായലിൽ വീശിയടിച്ച അസാധാരണമായ കാറ്റിൽ മത്സ്യ തൊഴിലാളികളുടെ വലകൾ നഷ്ടമായി. സാധാരണ കാറ്റടിച്ചാൽ വലകൾ പറത്തിക്കൊണ്ടുപോവുകയാണ് പതിവ്.
പക്ഷേ ബുധനാഴ്ചയുണ്ടായത് ഇതിനു മുമ്പുണ്ടാകാത്ത കാറ്റായിരുന്നു. വലകൾ കായലിന്റെ അടിത്തടിലെ ചെളിയിൽ പൂഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഇതൊരു അസാധാരണ പ്രതിഭാസമാണന്ന് മത്സ്യ തൊഴിലാളികൾ വ്യക്തമാക്കി.
റാണിത്തോടു മുതൽ കവണാറ്റിൻകര ഭാഗം വരെ കായലിൽ നീട്ടിയ വലകൾ കായലിൻ്റെ അടിത്തട്ടിലെ ചെളിക്കടിയിൽ പൂണ്ടു പോയി. 150 ലധികം വള്ളങ്ങളിലെ വലയാണ് നഷ്ടമായത്. മൂന്നു വള്ളങ്ങളിലെ തൊഴിലാളികളുടെ വലമാത്രമാണ് ചെളിക്കടിയിൽ നിന്നും വലിച്ചെടുക്കാനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കിലോഗ്രാം വലക്ക് 4500 രുപയാണ് വില. ഒരോ വള്ളങ്ങളിലും 25 മുതൽ 40 കിലോ വലകളാണുള്ളത്. രാത്രിയിൽ കായലിൻ്റെ പല ഭാഗങ്ങളിലായി നീട്ടിയിട്ട കരിമീൻ വലയും ( വല്യ വല) കാെഞ്ചു പിടിക്കുന്ന പുതിയ ഇനം നീട്ടു വലയുമാണ് കായലിൻ്റെ അടിത്തട്ടിലെ ചെളിക്കുള്ളിൽ താഴ്ന്നുപോയത്.
പുലർച്ചെ രണ്ടിന് ശേഷം കാറ്റ് ആരംഭിച്ചെങ്കിലും നാലാേടെ കറ്റിൻ്റെ ശക്തി ഏറുകയായിരുന്നു. മത്സ്യ തൊഴിലാളികൾ സമീപ തോടുകളിലേക്ക് മാറി കാറ്റിൽ നിന്നും രക്ഷ നേടി .എന്നാൽ കാറ്റു ശമിച്ച് തിരികെ എത്തിയപ്പോൾ ആണ് വല കാണാതായത്. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വല കായലിൻ്റെ ആഴങ്ങളിൽ ആണ്ടു പാേയതായി കണ്ടെത്തിയത്.
കാറ്റും കോളും ഉണ്ടാകുമ്പോൾ വലകൾ ഒഴുകി പോകാറുണ്ട് എന്നാൽ ഇന്നലത്തെ കാറ്റിൽ വലകൾ പൂർണ്ണമായും ചെളിക്കടിയിൽ പൂണ്ടു പോയി. ഇത് അസാധാരണ സംഭവം ആണെന്നും ഇത്തരത്തിൽ അനുഭവം ഇത് ആദ്യമാണെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.
കാറ്റിന്റെ ചുഴിയിൽ നിന്നും ജീവൻ രക്ഷപെട്ടതിന്റെ സമാധാനത്തിലും ആശ്വാസത്തിലുമാണ് പല മത്സ്യ തൊഴിലാളികളും. മത്സ്യഫെഡ്ഡിൽ നിന്നും സഹായിച്ചില്ലെങ്കിൽ തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാകുമെന്ന് സി.ഐ.ടിയു മത്സ്യ തൊഴിലാളി യൂണിയൻ കുമരകം യുണിറ്റ് പ്രസിഡൻ്റ് ഇ . സി . മധുവും സെക്രട്ടറി സി.ഡി. ബെെജുവും കുമരകം പറഞ്ഞു.