കാവ്യ മാധവൻ വിളിക്കുന്നത് ഇക്ക എന്ന്; ദിലീപ് കേസിലെ ഉന്നതനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ; കാവ്യാമാധവൻ, ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ദിലീപിനൊപ്പം ചോദ്യം ചെയ്യുമെന്ന് സൂചന…
സ്വന്തം ലേഖകൻ
എറണാകുളം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് പൊലീസ്. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസിൽ പുനഃരന്വേഷണത്തിന് കോടതിയെ സമീപിച്ചിരുന്നു. കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ദിലീപിനേയും ഉറ്റബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ കഴിയുകയാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ അനുമതി തേടിക്കൊണ്ട് പൊലീസ് വിചാരണക്കോടതിയെ സമീപിക്കും. പൾസർ സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെയും മറ്റുള്ളവരേയും ചോദ്യം ചെയ്യുക. നോട്ടീസ് നൽകിയായിരിക്കും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. ദിലീപിനെ പുറമെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരാജ്, ചില അടുത്ത സുഹൃത്തുക്കൾ എന്നിവരേയും ചോദ്യം ചെയ്യും.
കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ നടത്തിയ വെളിപ്പെടുത്തലിൽ പൊലീസിന് തന്റെ കയ്യിലുള്ള രേഖകൾ കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോൺ അടക്കം നൽകിയിട്ടുണ്ട്. ഐപിസി സെക്ഷൻ 164 പ്രകാരം തന്റെ രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തന്റെ പരാതി അനുസരിച്ച പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പൊലീസ് ചോദിച്ച് അറിഞ്ഞത്. ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടു എന്നത്. കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നത്. കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക് എന്നിവയായിരുന്നു പൊലീസ് അന്വേഷിച്ചതെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചു. ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞു. നാല് വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുംമെന്ന് പൊലീസിനെ അറിയിച്ചു’-ബാലചന്ദ്ര കുമാർ പറയുന്നു.
ഈ വി ഐ പിക്ക് ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. കാവ്യ മാധവൻ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദ രേഖയും തന്റെ കയ്യിലുണ്ട്. അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.