play-sharp-fill
പതിനെട്ടു ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു : ദു:ഖം പങ്കുവച്ച് ഫയർഫോഴ്‌സ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

പതിനെട്ടു ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു : ദു:ഖം പങ്കുവച്ച് ഫയർഫോഴ്‌സ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

സ്വന്തം ലേഖിക

നിലമ്പൂർ: കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായ 11 പേരെ ഇനിയും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കുവച്ച് ഫയർ ഫോഴ്സ് ജീവനക്കാർ. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജീവനക്കാരുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്.

പോത്തുകല്ല് പഞ്ചായത്ത് ചേർന്ന യോഗത്തിൽ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെരച്ചിൽ രണ്ട് ദിവസം കൂടെ തുടരാൻ തീരുമാനിച്ചത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ നിർദേശിച്ച സ്ഥലങ്ങളിലായിരുന്നു തിരച്ചിൽ. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും വെള്ളമുള്ള പ്രദേശത്ത് മണ്ണ് മാന്തി യന്ത്രങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. ഇതോടെ18 ദിവസമായി തുടരുന്ന തിരച്ചിലിന് പരിസമാപ്തിയാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

ഞങ്ങൾ മടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർ പ്രണാമം……

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….

പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്.ഹതഭാഗ്യരായ അൻപത്തി ഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നൽകാനായി എന്ന ചാരിതാർത്ഥ്യത്തോടെ, മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം, കാർത്തിക്, കമൽ, സുജിത്, ശാന്തകുമാരി, പെരകൻ.

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും!
ഞങ്ങളുടെ പാഠ പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..