video
play-sharp-fill
കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിനം ; 25 കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാമ്പിൽ

കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിനം ; 25 കുടുംബങ്ങൾ ഇന്നും ദുരിതാശ്വാസ ക്യാമ്പിൽ

 

സ്വന്തം ലേഖകൻ

നിലമ്പൂർ :  കേരളത്തിനെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഇന്ന് 100 ദിവസം. നൂറ് ദിവസങ്ങൾ പിന്നിടുമ്പോഴും കവളപ്പാറയിലെ 25 കുടുംബങ്ങൾ ഇന്നും ക്യാമ്പിൽ തന്നെയാണ്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരുണ്ട് അവർ. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള ഈ ക്യാമ്പിലാണ് ഇനിയെന്ത് ചെയ്യുമെന്നലോചിച്ച് അവർ കഴിയുന്നത്.

കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപ്പൊട്ടൽ ഇവരുടെ ഉറ്റവരെ മാത്രമല്ല, തട്ടിയെടുത്തത് അവരുടെ ജീവിതം തന്നെയാണ്. ആ രാത്രി നഷ്ടപ്പെട്ട ജീവിതതാളം ഇനിയും പലർക്കും തിരിച്ചുപിടിക്കാനായിട്ടില്ല. എല്ലാം വിധിയെന്ന് ആശ്വസിക്കുന്നു. ഇല്ലായ്മകൾക്കിടയിലും ഒപ്പം നിന്നവരോട് നന്ദി മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞുതുടങ്ങുമ്പോൾ സങ്കടങ്ങൾ ഏറെയുണ്ട്. കവളപ്പാറയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണ് ക്യാമ്പ്’. കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തിയത്. ഇവിടെ വന്നതിനുശേഷം ആരും പണിക്ക് വിളിക്കുന്നില്ല. ക്യാമ്പിലുള്ള മാഞ്ചിറയിൽ സുകുമാരന് വാക്കുകളിൽ കനത്ത നിരാശയാണ്. ക്യാമ്പിലായതിനാൽ ഭക്ഷണം കിട്ടും, അതാണ് ആശ്വാസം. പക്ഷേ, കൈയിൽ പണമുണ്ടെങ്കിലല്ലേ സ്വന്തം കാര്യങ്ങൾ നോക്കാൻ പറ്റൂ. കുട്ടികൾക്കുള്ള നോട്ട്പുസ്തകങ്ങളും ഫീസും നൽകാനാണ് വിഷമിക്കുന്നത്.

പോത്തുകല്ലിൽ പരിചയക്കാരില്ലാത്തതിനാൽ ക്യാമ്പിലെ ഭൂരിഭാഗം ആളുകൾക്കും ജോലിയൊന്നുമില്ല. ക്യാമ്പിലായതിനാൽ ഞങ്ങളെ ജോലിക്ക് വിളിക്കാൻ ചിലർക്കുമടിയുമുണ്ട്. നാളെ മാറിത്താമസിക്കുമ്പോൾ വീട്ടുചെലവിനുള്ള പണമില്ല. എന്തുചെയ്യണമെന്ന് എനിക്ക് ഇപ്പോഴുമറിയില്ല സുകുമാരൻ പറഞ്ഞു.

താൽകാലിക ഷെഡ് ഒരുക്കിത്തന്നാൽ പോകുമോയെന്ന് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ചോദിച്ചിരുന്നു. സമ്മതമാണെന്ന് ഞങ്ങൾ പറയുകയും ചെയ്തു. ‘ഇവിടെ എത്ര ദിവസമാണെന്നുെവച്ചാ ഇരിക്കുക, ഒരുദിവസം ഇറങ്ങി കൊടുക്കണ്ടേ’ ക്യാമ്പിലുള്ള സുമ അത്തിമുക്കം ചോദിക്കുന്നു. സ്വന്തമായൊരു വീട് കിട്ടുമോ എന്നാണ് എല്ലാവരുടേയും ചോദ്യം. അവർ കാത്തിരിക്കുന്നത് ആ ഉത്തരത്തിനും.

ഓഗസ്റ്റ് എട്ടിനു രാത്രി എട്ടിനാണ് കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ ഉരുൾപ്പൊട്ടലുണ്ടായത്. 59 ആളുകളും 42 വീടുകളും മണ്ണിനടിയിലായി. ഒൻപതിനു രാവിലെ 11നാണ് അഗ്നിരക്ഷസേനക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഉച്ചയ്ക്ക് 12.30ന് നാലുവയസ്സുകാരി അനഘയെ മണ്ണിനടിയിൽനിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആദ്യദിനം കണ്ടെത്തിയത് മൂന്നു മൃതദേഹങ്ങൾ. ഇതുവരെ 48 പേരെ മണ്ണിനടയിൽനിന്ന് കണ്ടെത്തി. മണ്ണിനടിയിൽ അവശേഷിക്കുന്ന 11 പേർ ഇന്നും നാടിന്റെ നൊമ്പരമാണ്‌

Tags :