
തിരുവനന്തപുരം: പോലീസ് സേനയിലെ മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും കൂടിയ സാഹചര്യത്തിൽ പരാതികള്‍ കേള്‍ക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സൗകര്യമൊരുക്കി പോലീസ് വകുപ്പ്.
സ്റ്റേഷൻ തലത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ മുതല്‍ എഡിജിപി തലത്തില്‍ വരെ പോലീസുകാർക്കും കുടുംബാംഗങ്ങള്‍ക്കും നേരിട്ട് പരാതി ബോധിപ്പിക്കാം.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ഇത് സംബന്ധിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവിമാർക്കും റേഞ്ച് ഐജിമാർക്കും ഇന്നലെ വൈകിട്ടോടെ അയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കാവല്‍ കരുതല്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉടനടി എല്ലാ ജില്ലകളിലും തുടങ്ങിവയ്ക്കാനാണ് നിർദേശം. സ്റ്റേഷൻ തലത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ എസ്എച്ച്ഒ, റൈറ്റർ, ഒരു വനിതാ ഉദ്യോഗസ്ഥ എന്നിവരെ കൂടാതെ അതത് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും പോലീസ് അസോസിയേഷൻ പ്രതിനിധിയും ഉള്‍പ്പെടും.
അവസാനത്തെ രണ്ടുപേരുടെ പങ്കാളിത്തം ഇത്തരം സമിതിയില്‍ പതിവുള്ളതല്ല. അതുകൊണ്ട് തന്നെ സാധാരണ പോലീസുകാർ സ്വാഗതം ചെയ്യുന്നതാകും. പരാതിക്കാരെ കേള്‍ക്കാൻ വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പതരക്ക് എല്ലാവരും ഒന്നിച്ചിരിക്കണം.
എസ്എച്ച്ഒക്ക് അസൗകര്യം ഉണ്ടായാല്‍ മറ്റാരെയും ഏല്പിക്കരുത്, സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. പുതിയ സംവിധാനം പോസിറ്റീവാണെന്ന പ്രതീതിയാണ് ഈ നിർദേശം മുന്നോട്ടുവെക്കുന്നത്.
ഇവിടെ പരിഹരിക്കാൻ കഴിയാത്ത പരാതികള്‍ ജില്ലാ പോലീസ് മേധാവിക്ക് അയച്ചാല്‍ അവിടെയും തിങ്കളാഴ്ചകളില്‍ ഈ മട്ടില്‍ പരാതിക്കാരെയും കുടുംബാംഗങ്ങളെയും കേള്‍ക്കാൻ എസ്പി അടക്കം എല്ലാവരും ഒന്നിച്ചിരിക്കും.
എസ്പിക്ക് അസൗകര്യം ഉണ്ടായാല്‍ മറ്റാരെയും ഏല്പിക്കരുത്, സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.
ഇതുകൂടാതെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസ് മുഖേന പരാതി അറിയിക്കാനുള്ള സംവിധാനം.
നിലവില്‍ പ്രവർത്തിക്കുന്ന ഓഫീസേഴ്സ് ഗ്രീവൻസ് സെല്ലിൻ്റെ (OGC) ഇമെയില്‍ വിലാസത്തിലോ വാട്സാപ്പ് നമ്പറിലോ പരാതി അറിയിക്കാം. ഇത് പോരെങ്കില്‍ നേരിട്ടെത്തി പരാതി അറിയിക്കാനുള്ളവർക്ക് ഇൻ പേഴ്സണ്‍ (In Person) സംവിധാനവും ഉണ്ട്.
സ്റ്റേഷൻ തലത്തിലോ ജില്ലാ പോലീസ് മേധാവി തലത്തിലോ തീർപ്പാകാത്ത പരാതികള്‍ പോലീസ് ഉദ്യോഗസ്ഥർക്കോ കുടുംബാംഗങ്ങള്‍ക്കോ ഇവിടെ നേരിട്ടെത്തി അറിയിക്കാൻ സൗകര്യം ഒരുക്കുന്നതാണ്.
ഇങ്ങനെ തിരുവനന്തപുരത്ത് എത്തേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് അതിനാവശ്യമായ അവധി ഡ്യൂട്ടിയായി പരിഗണിച്ച് നല്‍കണമെന്നും എഡിജിപിയുടെ സർക്കുലർ പറയുന്നു.നിലവിലെ സാഹചര്യത്തില്‍ പോലീസുകാർക്ക് ഇതും താരതമ്യേന ആശ്വാസകരമാണ്.
അതേസമയം അവധി ചോദിക്കുന്ന പോലീസുകാരും മേലുദ്യോഗസ്ഥരും തമ്മില്‍ പോലീസ് സ്റ്റേഷനില്‍ പരസ്യ തെറിവിളി നടക്കുകയും അതെല്ലാം വീഡിയോ റെക്കോർഡുകളായി പുറത്തുവരികയും ചെയ്തിട്ടും ഗുണകരമായൊന്നും സംഭവിക്കാത്ത നിലവിലെ സാഹചര്യത്തില്‍ ഈ നിർദേശങ്ങളുടെ പ്രായോഗികതയില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
എങ്കിലും പോലീസുകാരുടെ മാനസികനില കണക്കിലെടുത്ത് ഇത്തരം നിർദേശങ്ങള്‍ ഉണ്ടാകുന്നു എന്നത് തന്നെ പോലീസിനെ സംബന്ധിച്ച് പോസിറ്റീവാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.