
സ്വന്തം ലേഖിക
കോഴിക്കോട്: നാടിനെ നടുക്കിയ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമല ഉരുൾപ്പൊട്ടലിന് ഇന്ന് ഒരു വയസ്സ്. ഏഴു കുട്ടികൾ ഉൾപ്പെടെ 14 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. കനത്ത മഴയിൽ മലമുകളിൽ ഉരുൾപ്പൊട്ടി കുത്തിയൊലിച്ചു വന്ന മണ്ണും പാറകളും വൻമരങ്ങളും മരണപ്പെട്ടവരുടെ വീടും സ്വത്തുക്കളും അപ്പാടെ നശിപ്പിച്ചു. മലമുകളിലെ അനധികൃത നിർമ്മാണവും ദുരന്തത്തിന് കാരണമായി. ദുരിതത്തിൽ ഒമ്പത് വീടുകൾ പൂർണമായും 27 വീടുകൾ ഭാഗികമായും തകർന്നു.ഒരുവർഷം പൂർത്തിയായിട്ടും ദുരന്തം ബാധിച്ച കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 56 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി നൽകിയിരുന്നു. മരിച്ചവർക്ക് നാലുലക്ഷം വീതവും വീട് പൂർണമായും തകർന്ന ഒമ്പതു കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും 10 ലക്ഷം വീതവും എന്ന കണക്കിലാണ് തുക നൽകിയത്. കൂടാതെ കൃഷി വിളകൾ നഷ്ടപ്പെട്ടവർക്ക് 16 ലക്ഷം രൂപയും നൽകി.