
സ്വന്തം പിതാവിനെയും സഹേദരിയുടെ പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തിയത് തങ്ങളാണ്: മോഷണ കേസിൽ പിടിയിലാവരുടെ വെളിപ്പെടുത്തൽ കേട്ട് പോലീസ് ഞെട്ടി : കടപ്പനയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്ന നിഷ്ഠൂരമായ കൊലപാതകങ്ങളുടെ ചുരുളഴിയുന്നു.
സ്വന്തം ലേഖകൻ
കട്ടപ്പന : മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ.
മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ നരബലിയെന്നാണ് പ്രാഥമിക വിവരം
കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് മോഷണ കേസിൽ അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീടിൻറെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പ്രതികൾ വെളിപ്പെടുത്തി.
ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. വിഷ്ണുവിൻറെ സുഹൃത്തായ നിതീഷിന് വിഷ്ണുവിൻറെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് കൈമാറി. പോലീസ് ചോദ്യം ചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവല്‍ ഏർപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ പറഞ്ഞത് ശരിയാണോ എന്നറിയാൻ മൃതദേഹങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ദുർമന്ത്രവാദത്തിന്റെ പേരിൽ വേറെയും കൊലകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അടുത്ത നാളിൽ കാണാതായവരുടെ വിവരങ്ങൾ ശേവരിച്ചു വരികയാണ് പോലീസ്.