
ഇടുക്കി : കട്ടപ്പനയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതി വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ. വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പിതാവിനെയും കണ്ടവരില്ല. ആളുകൾ കണ്ടിട്ടുള്ളത് വിഷ്ണു വിജയനെ മാത്രമാണെന്ന് വാർഡ് മെമ്പർ പറഞ്ഞു.
അച്ഛനും താനും മാത്രമാണുള്ളത് എന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തത്. മോഷണ കേസ് പുറത്തു വരുമ്പോൾ ആണ് വീട്ടിൽ മറ്റ് താമസക്കാർ ഉള്ളതായി അറിയുന്നത്. ഹരിത കർമ്മ സേനയും ആശാവർക്കർമാരും എത്തുമ്പോഴൊക്കെ വീട് പൂട്ടിയ നിലയിൽ ആയിരുന്നു. വീട്ടിൽ താമസിച്ചിരുന്നത് ആരൊക്കെ എന്നതിനെ സംബന്ധിച്ചും അറിവില്ല.
കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവർ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചതെന്നാണ് വിവരം.പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. വിഷ്ണുവിന്റെ വീട്ടിലെത്തിയ പൊലീസ് അമ്മയെയും സഹോദരിയെയും പൂട്ടിയിട്ടതായി കണ്ടെത്തി. വീടു പരിശോധിച്ചപ്പോൾ ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ പൊലീസിനു ലഭിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം കടുപ്പിക്കുന്നത്. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.