
കട്ടപ്പനയിൽ മധ്യവയസ്കന്‍റെ അപകട മരണം; തുമ്പില്ലാതിരുന്നിട്ടും നിര്‍ത്താതെ പോയ കാറും ഡ്രൈവറെയും പൊലീസ് പിടികൂടിയത് ഒന്നര മാസം നീണ്ട വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ; നിർണായകമായത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം
സ്വന്തം ലേഖിക
കട്ടപ്പന: വാഹനമിടിച്ച് മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ തുമ്പില്ലാതിരുന്നിട്ടും നിര്‍ത്താതെ പോയ കാറും ഡ്രൈവറെയും പൊലീസ് പിടികൂടിയത് ഒന്നര മാസം നീണ്ട വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ. നിർണായകമായത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം.
കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടന്‍കുന്നേല്‍ കുഞ്ഞുമോന്റെ (53) മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാറും വാഹനമോടിച്ച കരിക്കുമേട് ഉറുമ്പികുന്നേല്‍ നിഖില്‍ രാജുമാണ് (കണ്ണന്‍ -27) സംഭവം നടന്ന് 37 ദിവസത്തിനു ശേഷം പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 24 ന് രാത്രി വെള്ളയാംകുടി റോഡില്‍ മാസ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുഞ്ഞുമോനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
രാത്രിയായിട്ടും കുഞ്ഞുമോന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 26ന് ഹോട്ടലിന് സമീപത്തെ ഓടയില്‍ കുഞ്ഞുമോന്‍റെ മൃതദേഹം കണ്ടെത്തിയത്.
ദുരൂഹത തോന്നി ബന്ധുക്കള്‍ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് മരിച്ചതെന്ന് വ്യക്തമായത്. അപകടമുണ്ടാക്കിയത് വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി ഇയോണ്‍ കാറാണെന്ന് പൊലീസ് കണ്ടെത്തി.
അപകടത്തിന് തൊട്ടു മുൻപ് ഈ കാര്‍ ഇടുക്കി റൂട്ടിലെ പെട്രോള്‍ ബങ്കിന് മുന്നിലൂടെ അപകടകരമായ രീതിയില്‍ ഓടിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കാര്‍ കടന്നുപോയ സ്ഥലങ്ങളിലെ 55 സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
പ്രത്യേക അന്വേഷണ സംഘം ഇടുക്കി, കോട്ടയം, എറണാകുളം, കമ്പം എന്നിവിടങ്ങളിലെ വര്‍ക്ക് ഷോപ്, വാഹന ഷോറൂം, പെയിന്റിങ് കട എന്നിവിടങ്ങളില്‍ നിന്ന് 1700 ഓളം വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. 540 വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കി. സംഭവം നടന്ന സമയത്തെ വിവിധ ടവര്‍ ലൊക്കേഷനുമായി ബന്ധപ്പെട്ട് 35,000 ഫോണ്‍ കാളുകള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
അപകടശേഷം ബീഡിങ് ഇളക്കി മാറ്റി ഒളിപ്പിച്ചിരുന്ന കാര്‍ തങ്കമണി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
അപകടം നടന്ന ഉടന്‍ കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തെളിവെടുപ്പിന് കൊണ്ടുപോകാന്‍ പ്രതിയെ സ്റ്റേഷനില്‍ നിന്ന് ഇറക്കിയപ്പോള്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ രോഷമുയര്‍ത്തിയിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് നിഖിലിന് എതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്, സി.ഐ. വിശാല്‍ ജോണ്‍സന്‍, എസ്.ഐ. കെ. ദിലീപ്കുമാര്‍, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ എബിന്‍, സുനില്‍, രഞ്ജിത്, സുമേഷ്, ശ്രീജിത്ത്, ജിന്‍സ്, അനീഷ്, ടോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.