play-sharp-fill
കാശ്മീരിലെ പ്രത്യക അധികാര നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 370 പിൻവലിച്ചു: നിർണ്ണായക പ്രസ്താവന രാജ്യസഭയിൽ നടത്തി അമിത് ഷാ: കാശ്മീരിൽ നിരോധനാജ്ഞ

കാശ്മീരിലെ പ്രത്യക അധികാര നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 370 പിൻവലിച്ചു: നിർണ്ണായക പ്രസ്താവന രാജ്യസഭയിൽ നടത്തി അമിത് ഷാ: കാശ്മീരിൽ നിരോധനാജ്ഞ

സ്വന്തം ലേഖകൻ

ന്യൂഡൽഹി:  കാശ്മീരിന് പ്രത്യേക അധികാര നിയമം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കാശ്മീരിനെ സംബന്ധിച്ച നാല് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യ സഭയിൽ അവതരിപ്പിച്ചത്. രണ്ട് ദിവസമായി കാശ്മീരിൽ നടന്ന നാടകങ്ങളുടെ അന്ത്യമാണ് ഇതോടെ നടന്നത്. ഇതിന്റെ ഭാഗമായി കാശ്മീരിൽ സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിൽ അവതരിപ്പിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ രാജ്യസഭ സ്തംഭിച്ചു.
നാല് ബില്ലുകളാണ് കാശ്മീരിനെ സംബന്ധിച്ച് രാജ്യസഭയിൽ അവതരിപ്പിച്ചത്. അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ കശ്മീര്‍ താഴ്വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക അധികാര നിയമം പിൻവലിച്ചത് കൂടാതെ സംസ്ഥാനത്തെ മൂന്നായി വിഭജിക്കുന്നതിനും തീരുമാനം ആയിട്ടുണ്ട്. ഇതു സംബന്ധിച്ച ബില്ലും രാജ്യസഭയിൽ അമിത് ഷാ അവതരിപ്പിച്ചു. കോണ്‍ഗ്രസിന്റെയും സിപിഐ എമ്മിന്റേയും നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു ബില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ്‌ വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. കശ്മീരിനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചാണ് വിഭജിക്കുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.


ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 അനുച്ഛേദത്തിനോട് ചേര്‍ത്ത്നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 35 എ കൊണ്ടുവന്നത് 1954-ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370-ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. മറ്റ് പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലിലാക്കാന്‍ നീക്കമുണ്ടെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റില്‍ പറയുന്നു.
പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്. കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.താഴ്വരയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ , ആർട്ടിക്കിൾ 370 പിൻവലിക്കുന്നതിന്ന് മുന്നോടിയായായിരുന്നു നടപടികൾ എന്ന് രാജ്യസഭയിൽ അമിത് ഷാ പ്രസ്താവന നടത്തിയതോടെയാണ് വ്യക്തമായത്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോ​ഗമിക്കുകയാണ്. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
അമര്‍നാഥ്‌ തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തീര്‍ഥാടന വഴിയില്‍ നിന്ന് സുരക്ഷാസേന ആയുധങ്ങളും കുഴിബോംബുകളും കണ്ടെടുത്തിരുന്നു.

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച്‌ പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയായിരുന്നു അസാധാരണമായ ഉത്തരവ് പുറത്തുവന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്ന എം 24 സ്നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു.
എന്താണ് കശ്മീരില്‍ സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ജനങ്ങളെ പെട്രോള്‍ പമ്പിലോ, എടിഎമ്മിലോ പോകാന്‍ പോലും അനുവദിക്കുന്നില്ല. ഇതേക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.