സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബുള്ളറ്റില്‍ കശ്മീര്‍ യാത്ര നടത്തിയ അധ്യാപികയ്ക്കു വിദ്യാഭ്യാസ വകുപ്പിന്റെ ഷോക്കോസ് (കാരണം കാണിക്കല്‍) നോട്ടിസ്. മകള്‍ക്കൊപ്പം ബുള്ളറ്റ് യാത്ര നടത്തി ജനശ്രദ്ധ നേടിയ കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക കെ.അനീഷയ്ക്കാണ് പയ്യന്നൂര്‍ എഇഒ പ്രധാന അധ്യാപിക വഴി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
സര്‍വീസ് റൂള്‍ അനുസരിച്ച് സംസ്ഥാനം വിട്ടു പോകാന്‍ ഡിപ്പാര്‍ട്‌മെന്റ് അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാൽ അധ്യാപിക അനുമതി വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസില്‍ പറഞ്ഞിട്ടുള്ളത്.
അധ്യാപിക യാത്രയിലായതിനാല്‍ പ്രധാന അധ്യാപികയ്ക്ക് നോട്ടിസ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ അധ്യാപിക ക്വാറന്റീനിലാണ്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനാല്‍ അടുത്ത ദിവസം സ്‌കൂളില്‍ ചെന്ന് നോട്ടിസ് കൈപ്പറ്റും.
ഇതൊരു നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ് നോട്ടിസ് അയച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.