play-sharp-fill
കാശ്മീർ വിഭജനം : ഭരണഘടന വലിച്ചുകീറി പി.ഡി.പി അംഗങ്ങളുടെ വൻ പ്രതിഷേധം

കാശ്മീർ വിഭജനം : ഭരണഘടന വലിച്ചുകീറി പി.ഡി.പി അംഗങ്ങളുടെ വൻ പ്രതിഷേധം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ രാജ്യസഭയിൽ വൻപ്രതിഷേധം. കാശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് പി.ഡി.പി അംഗങ്ങൾ സഭയിൽ ഭരണഘടന വലിച്ചുകീറി എറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ സഭയിൽ നിന്ന് പുറത്താക്കി. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിവസമെന്നാണ് പി.ഡി.പി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പ്രതികരിച്ചത്. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ മഹാദുരന്തമെന്നും അവർ വിശേഷിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിൽ രാജ്യസഭയിൽ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സർക്കാർ ശുപാർശ അംഗീകരിച്ച് ബില്ലിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35 Aയും ഇല്ലാതാവും. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കാശ്മീരിനും ബാധകമാകും. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി. പുതിയ തീരുമാനത്തോടു കൂടി ജമ്മു കാശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല, പകരം നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും.