കാശ്മീർ സാധാരണ നിലയിലേക്ക് ; ഇന്റർനെറ്റ് , ഫോൺ സർവീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു , സൈന്യം അതീവജാഗ്രതയിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷം അഞ്ച് ദിവസം പിന്നിട്ടപ്പോൾ ജമ്മു കാശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ തടയരുതെന്ന് സൈന്യത്തിന് നിർദ്ദേശമുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നത് തടയാൻ കനത്ത ജാഗ്രത പുലർത്താനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
അതേസമയം, ശ്രീനഗറിലെ ജുമാ മസ്ജിദ് അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച പ്രാർത്ഥനകൾ ഇന്ന് ഇവിടെ നടക്കാൻ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മറ്റ് ചെറിയ പള്ളികളിൽ പ്രാർത്ഥന നടത്താൻ അനുമതി കൊടുത്തിട്ടുണ്ട്. സുരക്ഷയ്ക്കായി മതിയായ സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രാർത്ഥന നടക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാശ്മീരിൽ പ്രകടനങ്ങളും റാലികളും സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഗവർണർ സത്യപാൽ മാലിക് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. പെരുന്നാൾ പ്രമാണിച്ച് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്നും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജമ്മു കാശ്മീരിൽ പുതുയുഗം പിറന്നെന്നും ഭീകരപ്രവർത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വർഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് സംസ്ഥാനത്തിന് ഭീകരപ്രവർത്തനവും അഴിമതിയും കുടുംബ ഭരണവും മാത്രമാണ് സമ്മാനിച്ചത്. പാകിസ്ഥാൻ അതിനെ ഭീകരത പരത്താനുള്ള ആയുധമാക്കുകയും ചെയ്തു. ഈ തീരുമാനം ചരിത്രപരമാണ്.
സർദ്ദാർ പട്ടേലിന്റെയും അംബേദ്കറുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും അടൽബിഹാരി വാജ്‌പേയിയുടെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഈ രാജ്യത്തെ മുഴുവൻ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇപ്പോൾ എല്ലാ ഇന്ത്യക്കാർക്കും ഒരേ അവകാശം ലഭിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാവി ഇത് സുരക്ഷിതമാക്കും. സുഗമമായ നിലയിൽ ഈദ് ആഘോഷങ്ങൾ നടത്താൻ സർക്കാർ ശ്രമിക്കുകയാണ്. ഈദിന് ജമ്മു കാശ്മീരിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാദ്ധ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു