
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. സംഭവത്തിൽ ഏക്കറുകളോളം വ്യാപിച്ച തോട്ടം കത്തിനശിച്ചതായി റിപ്പോർട്ട്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. റബ്ബർ മരം മുറിച്ചുമാറ്റിയ സ്ഥലത്ത് വളർന്നിരുന്ന പയർവള്ളികളിലാണ് തീ പടർന്നത്. കാറ്റിന്റെ ശക്തിയും കടുത്ത ചൂടും കാരണം തീ വേഗത്തിൽ സമീപ ഭാഗങ്ങളിലേക്കും വ്യാപിച്ചു.
വിവരം ലഭിച്ചതോടെ കുറ്റിക്കോൽ മേഖലയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണത്തിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളരിക്കുണ്ട് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വേനൽക്കാലത്ത് ഇത്തരം തീപിടുത്തങ്ങൾ പതിവാണെന്നും, മലയോര പ്രദേശമായതിനാൽ അഗ്നിരക്ഷാസേനയ്ക്ക് സമയബന്ധിതമായി എത്താൻ ബുദ്ധിമുട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളരിക്കുണ്ടിൽ സ്ഥിരം ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയർന്നിട്ടുണ്ട്.



