
കാസർകോട്: മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വധശ്രമത്തിനാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശികളായ ഫർഹാൻ, ദാവൂദ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പാലക്കാട് നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചില യുവാക്കൾ എത്തി തടയുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് വാക്കേറ്റം ഉണ്ടായി പിന്നീട് ആക്രമണത്തിലേക്ക് മാറിയതായും ഇവർ ആരോപിക്കുന്നു.
ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ച് മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റവർ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അറവുശാലയിലേക്ക് കൊണ്ടുവന്ന കന്നുകാലികളാണെന്നും എല്ലാ ആഴ്ചയും രണ്ട് തവണ ഇത്തരത്തിൽ കന്നുകാലികളെ എത്തിക്കുന്ന പതിവുണ്ടെന്നും ഉടമ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഫൈസൽ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


