
കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കലോത്സവത്തിനിടെ നടന്ന മൈം ഷോയില്‍ വിദ്യാർഥികള്‍ പലസ്തീൻ അനുകൂല പോസ്റ്ററുകള്‍ ഉയർത്തികാണിച്ചതിന് പിന്നാലെ പരിപാടി തടഞ്ഞ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മൈം ഷോ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സ്കൂളിലെ വിദ്യാർഥികള്‍ക്ക് ഇതേ മൈം തന്നെ വീണ്ടും വേദയില്‍ അവതരിപ്പിക്കാൻ അനുമതി തരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ലഭിച്ചാല്‍ ഉടൻ തന്നെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാല്‍ അത് തടയുന്നതും അതിന്‍റെ പേരില്‍ യുവജനോത്സവം നിർത്തിവയ്ക്കുന്നതും മര്യാദയല്ലെന്നും കർശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇന്നലെയായിരുന്നു പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേദിയില്‍ മൈം ഷോ അവതരിപ്പിച്ചതിനെത്തുടർന്ന് സ്കൂള്‍ കലോത്സവം നിർത്തിവെച്ചത്. കാസർകോട് കുമ്ബള ഗവ. എച്ച്‌എസ്‌എസിലായിരുന്നു സംഭവം. ഇന്നലെ പരിപാടി നടക്കുന്നതിനിടെ വിദ്യാർഥികളെ മൈം ഷോ കളിച്ച് അവസാനിപ്പിക്കാൻ അനുവദിക്കാതെ അധ്യാപകർ കർട്ടൻ താഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് നടക്കാനിരുന്ന കലോത്സവവും മാറ്റിവെച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥികള്‍ അവതരിപ്പിച്ച മൈമിങ്ങിൻ്റെ അവസാന ഭാഗത്ത് പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോട്ടോകളും പതാകയും ഉയർത്തിയതോടെയായിരുന്നു അധ്യാപകൻ കർട്ടൻ താഴ്ത്തിയത്. മൈമിങ് ഷോയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മൈമിങ് തുടങ്ങി രണ്ട് മിനിറ്റ് പിന്നിട്ടപ്പോഴാണ് വിദ്യാർഥികള്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോട്ടോകളും പതാകയും ഉയർത്തിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ സ്കൂളില്‍ പിടിഎ യോഗം സംഘടിപ്പിച്ചിരുന്നു. അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പി ടി എ പ്രസിഡന്‍റ് എകെ ആരിഫ് പറഞ്ഞു. രണ്ട് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സ്കൂള്‍ പ്രിൻസിപ്പല്‍ സിന്ധു വ്യക്തമാക്കി. തിങ്കളാഴ്ച്ച കലോത്സവം വീണ്ടും നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പ്രിൻസിപ്പല്‍ അറിയിച്ചു.