
കാസർഗോഡ് : കാസർഗോഡ് ജില്ലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം, എന്നിട്ടും നടപടിയെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി. സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങള്‍ക്ക് തടയിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയും കർശന നിർദ്ദേശങ്ങള്‍ നല്‍കിയിട്ടും, തുടർനടപടികള്‍ സ്വീകരിക്കാൻ അധികൃതർ മുന്നോട്ട് വരാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഖില്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ബൈക്കില്‍ വരികയായിരുന്ന അഖിലിനെ കാട്ടുപന്നികള്‍ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം അതീവ രൂക്ഷമാണ്.
ദേലമ്പാടി, ഊജംപാടി, മഞ്ചേശ്വരം, മൊഗ്രാല്‍ എന്നീ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉയർന്നിരുന്നു. മൊഗ്രാല്‍ വലിയ നാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞി മാഷിന്റെ മൂന്ന് വർഷം പ്രായമുള്ള പതിനഞ്ചോളം തെങ്ങിൻ തൈകള്‍ കഴിഞ്ഞ ദിവസം പന്നിക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തില്‍ വീട്ടുപറമ്ബുകളിലെ വാഴകളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ കൃഷിനാശം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൃഷി വകുപ്പില്‍ നിന്നോ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പ്രധാന പരാതി. മനുഷ്യർക്കും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ സർക്കാർ തലത്തില്‍ നിർദ്ദേശമുണ്ടെങ്കിലും, പ്രാദേശികമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിന് അനുമതി നല്‍കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഈ പ്രശ്നത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
.



