
തിരുവനന്തപുരം :ഇന്ത്യ – ന്യൂസിലാൻഡ് അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനായി ഇരുടീമുകളും ഇന്നലെ തിരുവനന്തപുരത്തെത്തി. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിൽ വിമാനത്താവളത്തിൽ ഗംഭീരസ്വീകരണമാണ് ഇന്നലെ ക്രിക്കറ്റ് ആരാധകർ നൽകിയത്.
പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു.
ആവേശഭരിതരായ കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്. കോച്ച് ഗൗതം ഗംഭീറും ഹർഷിത് റാണയുമാണ് ആദ്യം പുറത്തേക്കെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,റിങ്കു സിംഗ്,ഇഷാൻ കിഷൻ,ഹാർദിക് പാണ്ഡ്യ,ശ്രേയസ് അയ്യർ എന്നിവർ ടീം ബസിലേക്ക് എത്തി. ഇവർക്ക് പിന്നാലെയാണ് ക്യാപ്ടൻ സൂര്യയും സഞ്ജുവും എത്തിയത്.
ഇന്ത്യൻ ടീം കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാൻഡ് ടീം ഹയാത്ത് റീജൻസിയിലുമാണ് താമസം. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്വന്തം നാട്ടിൽ ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞ് കളിക്കാനെത്തുന്ന സഞ്ജുവിനെ എയർപോർട്ടിന് പുറത്തേക്കുള്ള വരവിൽ സൂപ്പർ ഹീറോയെപ്പോലെ അവതരിപ്പിച്ച് ക്യാപ്ടൻ സൂര്യകുമാർ യാദവ്. സഞ്ജുവിനെ കാണാൻ നിരവധി ആരാധകരാണ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നത്.
അകത്തുനിന്ന് സഞ്ജുവും സൂര്യയും വരുന്നത് കണ്ടതോടെ ആരവങ്ങൾ മുഴങ്ങി. ഇതോടെ സൂര്യ സഞ്ജുവിന്റെ ‘അംഗരക്ഷകനായി” അഭിനയിച്ച് കാണികൾക്ക് തമാശ പകർന്നു. തന്റെ കൈകൾ സഞ്ജുവിനെ ആരാധകരിൽ നിന്ന് കവർ ചെയ്യുന്ന രീതിയിൽ പിടിച്ച് വഴിയൊരുക്കി മുന്നിൽ നടന്ന ക്യാപ്ടന്റെ തമാശ സഞ്ജുവിലും ചിരി പകർന്നു.



