
തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്ക് കേരള സർവകലാശാലാ വൈസ് ചാൻസലർ അനുമതി നിഷേധിച്ചതോടെ വെട്ടിലായി പരിപാടിയുടെ സംഘാടകരായ കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയൻ.
സണ്ണിയുടെ പരിപാടി നടക്കാത്ത അവസ്ഥ വന്നാല്‍ ഇത് സംഘാടകരെ കടക്കെണിയിലാക്കുന്ന അവസ്ഥയിലാണ്. ഇതോടെ വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിങ് കോളേജ് യൂണിയൻ തീരുമാനിച്ചു.
അഡ്വാൻസ് തുക നല്‍കിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നല്‍കിയതില്‍ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജില്‍ സണ്ണി ലിയോണിന്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാല്‍ വിസി ഇന്നലെ അനുമതി നിഷേധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നല്‍കിയത്. പരിപാടിക്കായി വിദ്യാർത്ഥികളില്‍ നിന്നടക്കം ഇതുവരെ പിരിച്ചത് ഒരു കോടി രൂപയുമാണ്. ഈ സാഹചര്യത്തില്‍ അനുമതിക്കായി വിസിയെ സമീപിക്കുമെന്ന് യൂണിയൻ ചെയർമാൻ ടി അജ്മല്‍ അറിയിച്ചു.
ഏഴ് ദിവസം നീളുന്ന വാർഷികാഘോഷമാണ് തീരുമാനിച്ചത്. ഇക്കാര്യം സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നാണ് യൂണിയൻ വിശദീകരണം. പക്ഷേ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതില്‍ അനുമതി വാങ്ങിയിരുന്നില്ല. വേണ്ട സുരക്ഷ ഒരുക്കാമെന്നാണ് യൂണിയന്റെ വാഗ്ദാനം. പരിപാടി നടന്നില്ലെങ്കില്‍ ലക്ഷങ്ങളുടെ ബാധ്യത യൂണിയനുണ്ടാകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.



