
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; 2011 മുതല്‍ 2021 വരെ കാലത്ത് സമ്പാദിച്ച 58 വസ്തുക്കളാണ് കണ്ടുകെട്ടുക; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് നടപടി
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകണ്ടും. നടപടിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് ക്യാഷ്യര്‍ റജി. കെ അനില്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്.
അഞ്ച് പേര്‍ 2011 മുതല്‍ 2021 വരെ കാലത്ത് സമ്പാദിച്ച 58 വസ്തുക്കളാണ് കണ്ടുകെട്ടുക. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരമാണ് നടപടി. ഒന്നാം പ്രതി സുനില്‍ കുമാറിന്റെ പേരില്‍ സ്വത്തുക്കളില്ലാത്തതിനാല്‍ കണ്ടുകെട്ടാനാവില്ല. ബിജോയിയുടെ പേരില്‍ പീരുമേടുള്ള 9 ഏക്കര്‍ സ്ഥലമുള്‍പ്പടെയാണ് കണ്ടുകെട്ടുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റില്‍ കര എന്നിവിടങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. പരാതി കാലത്ത് പ്രതികള്‍ 117 കോടി രൂപ വ്യാജ ലോണ്‍ തരപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ എന്ന കൊച്ച് ഗ്രാമത്തില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
