
കൊച്ചി : കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ ആരംഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍. കേസില്‍ 128 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടിയതായി ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പണം ബാങ്കിലേയ്ക്ക് കൈമാറിലേയ്ക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ബാങ്കില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല.
കേസില്‍ ഇരകളായവര്‍ക്ക് പണം തിരികെ വാങ്ങാന്‍ ബാങ്കിനെ സമീപിക്കാമെന്നും ഇഡി വ്യക്തമാക്കി. കോടതിയുടെ മേല്‍നോട്ടത്തിലാകും ഈ പണം തിരികെ നല്‍കുക. ഇതുവരെ തട്ടിപ്പിന് ഇരയായ അഞ്ച് പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇഡിയെ സമീപിച്ചിട്ടുണ്ടെന്നും കേസിലെ രണ്ടാമത്തെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 89 കോടിയുടെ സ്വത്തുക്കള്‍ ഇഡി വിജയകരമായി തിരിച്ചുപിടിച്ചു. കണ്ടുകെട്ടിയ വസ്തുക്കള്‍ ബാങ്കിന് ലേലം ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ ഇതാദ്യമായാണ് പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് ഇഡി നേരിട്ട് മടക്കികൊടുക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിലെത്തുന്ന കേസുകളില്‍ കാലതാമസം നേരിടുന്നത് പതിവായിരുന്നു. എന്നാല്‍ ഇഡിയുടെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകളില്‍ പെടുമ്പോള്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടുന്ന പണം കോടതി മുഖാന്തരം ഇഡി, കേസില്‍ ഇരകളായവര്‍ക്ക് മടക്കികൊടുക്കുന്ന മുന്‍കൂര്‍ രീതികള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
കണ്ടല ബാങ്കിലും, പോപ്പുലര്‍ ഫിനാന്‍സ് കേസിലും കരുവന്നൂര്‍ ബാങ്കിന് സമാനമായ നടപടികള്‍ ഉണ്ടാകും. എട്ട് കേസുകളില്‍ പണം നിക്ഷേപകരിലേക്ക് എത്തിക്കും. ഹൈറിച്ച് കേസിലും ബഡ്‌സ് അതോറിട്ടിയോട് പണം ഇരകള്‍ക്ക് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കൊടകര കുഴല്‍ പണ കേസില്‍ പ്രതികളുടെ വസ്തു വകകള്‍ അറ്റാച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
2021 ജൂലൈ 14 ലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പ് പുറത്തുവന്നത്. പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിരവധി പേര്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്.