
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ജയിലിലായ പ്രതികളെ മോചിപ്പിക്കാന്‍ പോസ്റ്റര്‍ പ്രചാരണം
സ്വന്തം ലേഖിക
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രചാരണം.
ഇരിങ്ങാലക്കുടയില്‍ ജനകീയ സമതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊള്ള നടത്തിയ യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുക, നിരപരാധികളായ ഭരണസമിതിയംഗങ്ങളെ ജയിലില്‍ നിന്ന് മോചിപ്പിക്കുക, നിരപരാധികളെ ബലിയാടാക്കി അവരുടെ കുടുംബങ്ങളെ തകര്‍ക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയവയാണ് പോസ്റ്ററിലെ ആവശ്യങ്ങള്‍.
നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും സാധാരണക്കാരുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും പോസ്റ്ററിലുണ്ട്.
കേസില്‍ അറസ്റ്റിലായ ആര്‍ക്കും ഇതുവരെയും ജാമ്യം കിട്ടിയിട്ടില്ല. സിപിഎം പ്രവര്‍ത്തകരായ ഭരണസമിതിയംഗങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പ്രചാരണം നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ആരോപണം.
അതിനിടെ ഇരിങ്ങാലക്കുട കരിവന്നൂര്‍ മേഖലകളില്‍ ഡിവൈഎഫ്‌ഐ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പല പരിപാടികളിലും വലിയ പ്രതിഷേധമാണ് നിക്ഷേപകര്‍ ഉയര്‍ത്തുന്നത്.
ക്രിസ്മസിന് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് ശേഖരണത്തിന് പായസ വില്‍പന നടത്തുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു.
എന്നാല്‍ കരുവന്നൂരിലെ നിക്ഷേപകരെ സഹായിക്കാനാണ് മേള നടത്തേണ്ടതെന്നും പണം നഷ്ടമായവര്‍ എങ്ങിനെ പായസം കുടിച്ച് ക്രിസ്മസ് ആഘോഷിക്കുമെന്നും മറുചോദ്യം സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു.
ഇതോടെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് പായസമേള എന്നത് മാറ്റി മായം ചേര്‍ക്കാത്ത പായസം വീട്ടിലെത്തിച്ചു നല്‍കുമെന്നാക്കി തിരുത്തി.