video
play-sharp-fill

ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; തട്ടിയത് 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപം; പെന്‍ഷന്‍ പണം നിക്ഷേപിച്ചവര്‍ക്ക് ചികിത്സയ്ക്ക് പോലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ; ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം  ആത്മഹത്യ ചെയ്തത് രണ്ട് പേര്‍;  ആയിരങ്ങളെ കണ്ണീരിലാഴ്ത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കഥ…..!

ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; തട്ടിയത് 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപം; പെന്‍ഷന്‍ പണം നിക്ഷേപിച്ചവര്‍ക്ക് ചികിത്സയ്ക്ക് പോലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ; ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തത് രണ്ട് പേര്‍; ആയിരങ്ങളെ കണ്ണീരിലാഴ്ത്തിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കഥ…..!

Spread the love

സ്വന്തം ലേഖിക

കരുവന്നൂർ: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്.

നടത്തിപ്പുകാര്‍ വ്യാജവായ്പ്പയെടുത്തും തുക വകമാറ്റി ചിലവാക്കിയും ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. നമ്മുടെ സഹകരണ ബാങ്കുകളില്‍ യാതൊരു വ്യവസ്ഥയും ഇല്ല എന്നതാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ആര്‍ക്കും എങ്ങനെ വേണമെങ്കിലും പണം തിരിമറി നടത്താം എന്നതാണ് യാഥാര്‍ഥ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ 164 ബാങ്കുകള്‍ നിക്ഷേപങ്ങള്‍ മച്യൂരിറ്റി എത്തിയിട്ടും തുക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ തന്നെ നിയമസഭയില്‍ പറഞ്ഞു. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഭരണസമിതി വെട്ടിച്ചത്. തട്ടിപ്പ് സംബന്ധിച്ച്‌ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം കഴിയുന്നു.

പക്ഷേ ഇനിയും കുറ്റപത്രം നല്‍കാനായില്ല. കേസിലെ സങ്കീര്‍ണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്ന കാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഭൂരിഭാഗം പേരും ജാമ്യത്തിലിറങ്ങി.

തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കു പോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളും ഇപ്പോല്‍ അസ്തമിക്കുകയാണ്.

ഒരാള്‍ക്കും ഒരു പൈസ പോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും ആവശ്യത്തിന് പണം കിട്ടുന്നില്ല എന്നതാണ് വസ്തുത. 42 കോടി തിരിച്ചുപിടിച്ച്‌ നിക്ഷേപകര്‍ക്ക് നല്‍കിയെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ഇപ്പോഴത്തെ പ്രാധാന ആരോപണം.

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടന്നതിന് ശേഷം, ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേര്‍ ആത്മഹത്യ ചെയ്തു. ആലപ്പാടന്‍ ജോസ്, ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് ആത്മഹത്യ ചെയ്തത്. രണ്ടുപേര്‍ ചികിത്സ കിട്ടാതെയും മരിച്ചു.

വ്യാജ രേഖകളുണ്ടാക്കിയും ആവശ്യമായ സെക്യുരിറ്റിയില്ലാതെയുമാണ് 2011 മുതല്‍ ബാങ്ക് അധികൃതര്‍ അനധികൃത ലോണുകള്‍ നല്‍കിയിരുന്നത്. ഇടതുഭരണസമിതിയിലെ അംഗങ്ങളും, അവരുടെ ബിനാമികളും ബന്ധുക്കളുമെല്ലാമായിരുന്നു വായ്പയായി പണം തട്ടിച്ചതില്‍ പ്രധാനികള്‍. തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് പെസോ ഇന്‍ഫ്രാ സ്ട്രക്‌ചേഴ്‌സ്, സിസിഎം ട്രേഡേഴ്‌സ്, മൂന്നാര്‍ ലക്‌സ്വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ട് എന്ന വിവരവും പുറത്ത് വരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി അഞ്ച് പേര്‍ മാത്രമാണ് ജയിലില്‍ കഴിയുന്നത്. മുന്‍ സെക്രട്ടറി ടി ആര്‍ സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സികെ ജില്‍സ്, ഇടനിലക്കാരനും ബാങ്ക് അംഗവുമായ അരുണ്‍, കമ്മീഷന്‍ ഏജന്റ് എ കെ ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റ് റജി അനില്‍ എന്നിവരാണ് അറസ്റ്റിലായത്.

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയില്‍ പറയുന്നത് സുജോയി ബാങ്കില്‍ അംഗത്വം എടുക്കുന്നതിനായി നല്‍കിയ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ച്‌ കൃത്രിമ രേഖകള്‍ ഉണ്ടാക്കി മാനേജര്‍ എംകെ ബിജുവും സംഘവും 25 ലക്ഷം രൂപ വായ്പയെടുത്തു എന്നതായിരുന്നു. ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവരെ പ്രതികളാക്കി ഇതില്‍ കേസെടുത്തിരുന്നു. 2016 മാര്‍ച്ചില്‍ ഈ വായ്പ തിരിച്ചടച്ച്‌ ഇതേ ഉദ്യോഗസ്ഥര്‍, അതേ ദിവസം തന്നെ 50 ലക്ഷം രൂപ ഇതേ രേഖകള്‍ ഉപയോഗിച്ച്‌ വായ്പയെടുത്തു എന്നും സിജോയിയുടെ പരാതിയില്‍ പറയുന്നു. ഇങ്ങനെ ഒരുപാട് പേര്‍. മഴ നനയാതിരിക്കാന്‍ ബാങ്കിന്റെ പരിസരത്ത് കയറി നിന്നവന്റെ പേരില്‍ പോലും ലോണ്‍ ഉണ്ടെന്നാണ് കരുവന്നൂരിലെ തമാശ. പലരും ബാങ്കില്‍നിന്ന് നോട്ടീസ് വന്നപ്പോഴാണ് തങ്ങള്‍ക്ക് ലോണ്‍ ഉണ്ടെന്ന വിവരം പോലും അറിയുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയയി പണം കിട്ടാതെ ഫിലോമിന എന്ന എഴുപതുകാരി മരിച്ചതോടെ ബാങ്കിനെതിരെ പ്രധിഷേധം ഉയര്‍ന്നു. ഫിലോമിനയുടെ മൃതദേഹവും കൊണ്ട് ബാങ്കിനുമുന്നില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തിയപ്പോള്‍, അവരെ അപമാനിക്കുന്ന രീതിയിലാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്.

ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പറയുന്നു. ‘ഞാന്‍ ബാങ്കിലിട്ട എന്റെ പണം ചെന്ന് ചോദിക്കുമ്പോള്‍ പട്ടിയോട് പോലെയാണ് പെരുമാറുന്നത്. കുറേ നടന്നു. എന്റെ ഭാര്യ മരിച്ചുവെന്ന് ഞാന്‍ ബസില്‍ വച്ചാണ് അറിയുന്നത്. ഇവര്‍ക്ക് മനഃസാക്ഷിയുണ്ടോ, എന്റെ ഭാര്യയെ അവര്‍ക്ക് തിരിച്ചുതരാന്‍ പറ്റുമോ”. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.

‘പണം ചെന്ന് ചോദിക്കുമ്പോള്‍ ഇവിടെ പണമില്ല, ഉണ്ടാകുമ്പോള്‍ തരുമെന്ന ധാര്‍ഷ്ട്യ സമീപനമാണ് ബാങ്ക് അധികൃതര്‍ക്ക് ഉണ്ടായിരുന്നത്. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നു നടന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ നടത്തിയിരുന്നത്. 80വയസ്സുള്ള മനുഷ്യനാണ് ഞാന്‍. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് കഴിയുന്നത്. ആരോഗ്യം ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. പല ഓഫീസുകളിലും കയറി ഇറങ്ങി. ഞാന്‍ ആരോടാണ് പറയേണ്ടത്. എല്ലാവരും കൈമലര്‍ത്തുന്നു. കൈയില്‍ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ച്‌ കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ് ഞാന്‍. ആര്‍ക്ക് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങള്‍ വിശ്വസിച്ചത്”- ദേവസി ചോദിക്കുന്നു.

ഇപ്പോള്‍ ഫിലോമിന സംഭവത്തിന് പിന്നാലെ എടച്ചാലി രാമന്‍ എന്നയാളുടെ മരണവും ചര്‍ച്ചയാവുകയാണ്. ‘എടച്ചാലി രാമന്‍ എന്റെ അമ്മയുടെ അമ്മാവനായിരുന്നു, കല്യാണം കഴിക്കാത്തതിനാല്‍ ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്, ചാച്ചന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്, ചാച്ചന്റെ മരുന്ന് വാങ്ങാനും മറ്റ് ചെലവിനുമൊക്കയായിട്ട്, പൊറത്തിശ്ശേരി ശാഖയിലായിരുന്നു നിക്ഷേപം, കുറച്ചുനാള്‍ പലിശ കിട്ടി, പിന്നെ ഒന്നും കിട്ടാതായി, അതിനിടയ്ക്കാണ് ചാച്ചന് അസുഖം വരുന്നത്, തലച്ചോറുമായി ബന്ധപ്പെട്ടായിരുന്നു അസുഖം, ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, തൃശ്ശൂര് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സര്‍ജറി ചെയ്യാനും അവര്‍ നിര്‍ദ്ദേശിച്ചു. അത്രയും അത്യാവശ്യം വന്നപ്പോഴാണ് ബാങ്കിലേക്ക് ചെന്നത്, മൂന്ന് ലക്ഷം രൂപയ്ക്കായിട്ടാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കിയിട്ട് ഒരു മാസത്തിന് ശേഷമാണ് 50000 രൂപ തരാന്‍ ബാങ്ക് തയ്യാറായത്, അത് കിട്ടി മൂന്നാമത്തെ ദിവസം ചാച്ചന്‍ മരിച്ചു.”-കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന എടച്ചേലില്‍ രാമന്റെ ബന്ധു മനോജ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്..

മകന്റെ കല്യാണത്തിനായി 15 ലക്ഷം രൂപയാണ് മാപ്രാണം സ്വദേശിനി ഷൈലജ ബാങ്കിലിട്ടത്. കുറച്ച്‌ പലിശയുണ്ടെന്നായിരുന്നു ഏക സമാധാനം. എന്നാല്‍ കല്യാണ സമയത്ത് കാശ് ചോദിച്ചപ്പോള്‍ കിട്ടിയില്ല. ആകെ കിട്ടിയത് ഒന്നരലക്ഷം രൂപ. അതുകൊണ്ട് എന്താകാനാണെന്ന് ഷൈലജ ചോദിക്കുന്നു. അറുപത് കഴിഞ്ഞ ഷൈലജയ്ക്ക് മരുന്നിന് തന്നെ മാസം നല്ല ചെലവ് വരും, വലിയ സാമ്പത്തിക ശേഷിയില്ല, ആ പൈസ കൊണ്ട് ജീവിക്കാനായിരുന്നു ഉള്ള സമ്പാദ്യം ബാങ്കിലിട്ടിരുന്നത്. പക്ഷേ എല്ലാം പോയി. ഇപ്പോള്‍ നാലുമാസം കൂടുമ്പോള്‍ അയ്യായിരം രൂപ കിട്ടിയാല്‍ ആയി. ഇങ്ങനെ എത്രയെത്രപേര്‍.

കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് ഇന്ന് കൂടുതലായി വ്യാപിക്കുകയാണ്. മാപ്രാണം, കണ്ടല, പേരാവുര്‍ തുടങ്ങി ഒരു ഡസനോളം ബാങ്കുകളില്‍ ലക്ഷങ്ങളുടെ തിരിമറികളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരം കാട്ടാക്കടക്ക് അടുത്ത കണ്ടലയില്‍ നൂറുകോടിയുടെ തട്ടിപ്പാണ് നടന്നത്. ഇത് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് എതിരെ ഒരു ക്യാമ്പെയിനായി മാറിയിരിക്കുകയാണ്.