
സ്വന്തം ലേഖിക
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണകേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആര്. അരവിന്ദാക്ഷൻ, ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് എന്നിവര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
എറണാകുളം പി.എം.എല്‍.എ കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിച്ചത്. അപേക്ഷയെ ഇ.ഡി ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ ഇ.ഡി കോടതിയില്‍ ഹാജരാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പടെ ഇ.ഡി കൈമാറിയിരുന്നു. അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി. സതീഷ്കുമാര്‍, ഇടനിലക്കാരൻ പി.പി. കിരണ്‍, വടക്കാഞ്ചേരി നഗരസഭ അംഗമായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പി.ആര്. അരവിന്ദാക്ഷൻ, കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഈമാസം 31നകം സമര്‍പ്പിക്കാൻ എൻഫോഴ്സ്മെന്റ് ഒരുങ്ങുന്നത്.
തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരര്‍ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടെയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നുമാണ് ഇ.ഡി ആരോപണം.



