കരൂർ ദുരന്തം : വിജയ് എത്തിയപ്പോൾ വൈദ്യുതി നിലച്ചു; തിക്കിലും തിരക്കിലും കാണാതായ കുഞ്ഞിനെ പിതാവ് പിന്നീട് കണ്ടത് ചാനൽ ദൃശ്യങ്ങളിൽ

Spread the love

ചെന്നൈ: കരൂർ അപകടത്തിലെ ഏറ്റവും സങ്കടകരമായ കാഴ്ച രണ്ടു വയസ്സ് മാത്രം പ്രായമുള്ള ധ്രുവ് വിഷ്ണു എന്ന കുഞ്ഞിന്റെ മരണമായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും 50 മീറ്റർ മാത്രം മാറിയായിരുന്നു ദ്രുവിന്റെ വീട്. സിനിമയിൽ മാത്രം കണ്ട വിജയ് എന്ന താരത്തെ ഒരു നോക്ക് കാണാൻ പോയ മാതൃ സഹോദരിയുടെ കയ്യിലായിരുന്നു കുഞ്ഞ്.

വിജയ് എത്തിയതിന് പിന്നാലെ കറണ്ട് പോയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മാതൃ സഹോദരിയും കുഞ്ഞും നിലത്തു വീണത്. ആശുപത്രിയിൽ നിന്നുള്ള ടിവി ദൃശ്യങ്ങളിൽ കുഞ്ഞു മരിച്ചു കിടക്കുന്നതാണ് പിന്നീട് കണ്ടതെന്ന് പിതാവ് പറഞ്ഞു.

ദുരന്തം നടന്ന വേലുച്ചാമി പുരത്തെ തെരുവിൽ നിന്ന് 50 മീറ്റർ മാത്രം മാറിയുള്ള വീട്ടിൽ ഇപ്പോഴും കൂട്ട കരച്ചിൽ അവസാനിച്ചിട്ടില്ല. വെള്ളിത്തിരയിലെ നായകനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ലല്ലിയും ഭർത്താവ് പശുപതിയും സഹോദരൻ വിമലും ഭാര്യ മാതേശ്വരിയും ആൾക്കൂട്ടത്തിന് നടുവിലേക്ക് പോയത്. ലല്ലിയായിരുന്നു വിമലിന്റെയും മാതേശ്വരിയുടെയും മകന്‍ രണ്ടു വയസ്സുകാരൻ ധ്രുവ് വിഷ്ണുവിനെ എടുത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 7 മണിയോടെ വിജയ് എത്തി. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തിക്കിലും തിരക്കിലും പെട്ട കുടുംബത്തിലെ എല്ലാവരും പല വഴിക്കായി. ഒടുവിൽ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞു ദ്രുവ് ഒപ്പമില്ലെന്ന് അറിയുന്നത്. തേടുന്നതിനിടെ ചാനൽ ദൃശ്യങ്ങളിൽ ധ്രുവിന്റെ നിശ്ചലമായ ശരീരം പിതാവ് കാണുകയായിരുന്നു. കരൂർ മെഡിക്കൽ കോളേജിൽ എത്തി കുഞ്ഞിനെ വാരിയെടുത്ത് അലമുറയിടുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഇന്നലത്തെ കണ്ണീർ കാഴ്ചയായിരുന്നു. നാലുകൊല്ലം മുമ്പ് വിവാഹിതരായ വിമൽ മാതേശ്വരി ദമ്പതികൾക്ക് രണ്ടുകൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ധ്രുവ് പിറന്നത്.