video
play-sharp-fill

Monday, September 29, 2025

രാജ്യത്തെ നടുക്കിയ കരൂർ ദുരന്തം : വിജയ്‍ക്കെതിരെ ചുമത്തുമോ ബിഎൻഎസ് സെക്ഷൻ 105? കടുത്ത ശിക്ഷയും പിഴയും ലഭിക്കുന്ന വകുപ്പുകൾ; പുഷ്പ പ്രീമിയർ ദുരന്തം ഉദാഹരണം

Spread the love

ചെന്നൈ: രാജ്യത്തെ നടുക്കിയ ടിവികെ അധ്യക്ഷൻ വിജയുടെ കരൂർ റാലിയിൽ ഇന്നലെയുണ്ടായത് വൻ ദുരന്തമാണ്.തിക്കിലും തിരക്കിലുംപെട്ട് 39 പേരാണ് മരിച്ചത്. 111 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 10 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഒന്നര വയസുള്ള കുഞ്ഞ് ഉൾപ്പെടെ ഒമ്പത് കുട്ടികൾക്ക് ജീവൻ നഷ്ടമായി. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്

വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യത

ഈ സാഹചര്യത്തിൽ, ടിവികെ നേതാവായ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ‘പുഷ്പ 2: ദി റൂൾ’ എന്ന സിനിമയുടെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അറസ്റ്റിലായത് ഈ സാഹചര്യവുമായി സാമ്യമുണ്ട്. ഡിസംബർ 13-നായിരുന്നു അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. അല്ലു അർജുനെതിരെ ഭാരതീയ ന്യായ സംഹിത (BNS) യിലെ 105, 118(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.

ബിഎൻഎസ് സെക്ഷൻ 105: ‘കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ’ (culpable homicide not amounting to murder) കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയോ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടോ ചെയ്യുന്ന പ്രവൃത്തികൾ മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ ഇത് ഗുരുതരമായ കുറ്റമാണ്. ഈ കേസിൽ, പൊതുപരിപാടിയിൽ ജനക്കൂട്ടത്തെ ശരിയായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിലെ അലംഭാവവും ഈ വകുപ്പ് പ്രകാരമുള്ള അശ്രദ്ധയുടെ രൂപമായി കണക്കാക്കപ്പെടുന്നു. ഈ വകുപ്പ് പ്രകാരം കുറ്റവാളികൾക്ക് ജീവപര്യന്തം തടവോ അല്ലെങ്കിൽ അഞ്ച് മുതൽ 10 വർഷം വരെ തടവോ ലഭിക്കാം. പിഴയും ഈടാക്കാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎൻഎസ് സെക്ഷൻ 118(1): അപകടകരമായ ഉപകരണങ്ങളോ മറ്റ് മാർഗ്ഗങ്ങളോ ഉപയോഗിച്ച് ഒരാൾ മറ്റൊരാൾക്ക് മനഃപൂർവം ദോഷം വരുത്തുമ്പോൾ ഈ വകുപ്പ് ചുമത്തും. ഈ വകുപ്പ് സാധാരണയായി ശാരീരിക ദ്രോഹത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ഇവിടെ ജനക്കൂട്ടത്തിന്‍റെ അപകടകരമായ സ്വഭാവം, മതിയായ നിയന്ത്രണ നടപടികളുടെ അഭാവം എന്നിവയെല്ലാം ഈ വകുപ്പ് ചുമത്തുന്നതിന് കാരണമായേക്കാം. ഈ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

കരൂര്‍ ദുരന്തത്തിന് വിജയ് ഉത്തരവാദിയായി കണക്കാക്കപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിനെതിരെ ബിഎൻഎസ് സെക്ഷൻ 105 പ്രകാരം കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. ഈ രണ്ട് വകുപ്പുകളും പൊലീസിന് വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങളാണ്. മാത്രമല്ല, ഇവ രണ്ടും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്.