‘കരൂരിൽ എത്തിയത് കാൽലക്ഷത്തിലധികം പേര്‍, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല; മതിയായ സുരക്ഷ ഒരുക്കിയിരുന്നു’; എഡിജിപി

Spread the love

കരൂര്‍: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടക്കുമെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും എഡിജിപി വ്യക്തമാക്കി.

രാവിലെ പത്തുമണി മുതൽ ആളുകള്‍ വന്നു തുടങ്ങിയിരുന്നു. നേരത്തെയും ഇതേ സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ റാലി നടത്തിയിരുന്നു. 500 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. 15000 മുതൽ 20000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇത്തരം റാലികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. 25000 മുതൽ 30000ത്തിനടുത്ത് ആളുകള്‍ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള്‍ വിജയിയുടെ വാഹനം പിന്തുടരുന്നത് തിക്കും തിരക്കും കൂടാൻ കാരണമായി. ആളുകള്‍ സ്ഥലത്ത് നിന്ന് പോകാതെ മുന്നോട്ട് നീങ്ങിയതും പ്രശ്നമുണ്ടാക്കി.

12മണിക്ക് വിജയ് എത്തുമെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു എന്നാൽ വൈകിട്ട് ഏഴുമണിയോടെയാണ് എത്തിയത്. വെള്ളം പോലും കുടിക്കാതെ ആളുകള്‍ അവിടെ കാത്തിരുന്നു. വിജയയുടെ വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം നീങ്ങിയതും തിക്കും തിരക്കമുണ്ടാകാൻ കാരണമായി. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഡിജിപി ഡേവിഡ്സണ്‍ ദേവാശിര്‍വാദം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group