video
play-sharp-fill

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ ചികിത്സ മുടങ്ങുന്നു; വിവിധ പദ്ധതികളില്‍ 1353 കോടിയായി കുടിശിക പെരുകിയതോടെ സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ നിന്ന് പൂർണമായി പിന്മാറി ; അടിയന്തര ആവശ്യത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്കും കാരുണ്യ പദ്ധതികളിലെ കുടിശിക വലിയ തിരിച്ചടി

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ ചികിത്സ മുടങ്ങുന്നു; വിവിധ പദ്ധതികളില്‍ 1353 കോടിയായി കുടിശിക പെരുകിയതോടെ സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ നിന്ന് പൂർണമായി പിന്മാറി ; അടിയന്തര ആവശ്യത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്കും കാരുണ്യ പദ്ധതികളിലെ കുടിശിക വലിയ തിരിച്ചടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെ കുറിച്ച്‌ പരാതികള്‍ ഉയർന്നതിന് പിന്നാലെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ക്ക് പണം അനുവദിക്കാത്തത് കാരണം ചികിത്സ മുടങ്ങുന്നതും പതിവായെന്ന് ആരോപണം.

മരുന്നുക്ഷാമ വിഷയം ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നിരുന്നു. 67 ആശുപത്രികളില്‍ സി എ ജി നടത്തിയ പരിശോധനയില്‍ 62,826 സാഹചര്യങ്ങളില്‍ മരുന്നുകള്‍ ഉണ്ടായിരുന്നില്ല. 1745 ദിവസം വരെ അവശ്യ മരുന്നുകള്‍ ലഭ്യമല്ലാതിരുന്ന ആശുപത്രികളും ഉണ്ട്. അവശ്യ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ഉണ്ടെന്നും തീർന്നെങ്കില്‍ കാല്‍ ശതമാനം കൂടി അധികമായി നല്‍കുമെന്നും ആവശ്യമെങ്കില്‍ പ്രാദേശികമായി കാരുണ്യ വഴി വാങ്ങി നല്‍കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാല്‍, കാരുണ്യ പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികള്‍ക്കും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം കുടിശികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ആശുപത്രികള്‍ക്കായാലും, സ്വകാര്യ ആശുപത്രികള്‍ക്കായാലും ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ ചിട്ടയായി നല്‍കേണ്ട തുക കുടിശികയാകുമ്പോള്‍ ചികിത്സ മുടങ്ങുക സ്വാഭാവികം. വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ക്ക് സർക്കാർ നല്‍കാനുള്ള കുടിശിക 1353 കോടിയാണ്.

പല സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ നിന്ന് പൂർണമായി പിന്മാറി. കുടിശ്ശിക ഉള്ളതിനാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ഉള്ള മരുന്നും ഇംപ്ലാന്റുകളും സർക്കാർ ആശുപത്രികളില്‍ കിട്ടാത്ത അവസ്ഥയും ഉണ്ട്. ചില സ്വകാര്യ ആശുപത്രികള്‍ കരാർ അവസാനിക്കുന്ന മാർച്ച്‌ വരെ പദ്ധതി തുടരും. 400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് മാത്രം നല്‍കാൻ ഉള്ളത്.

സർക്കാർ മേഖലയില്‍ ചില ചികിത്സകള്‍ ലഭ്യമല്ല. അത്തരം ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർ ഏറെയാണ്. സർക്കാർ ആശുപത്രികളില്‍ സർജറികള്‍ക്കും മറ്റും കാത്തിരിപ്പ് കാലം കൂടുതലാണ്. അടിയന്തര ആവശ്യത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്കും കാരുണ്യ പദ്ധതികളിലെ കുടിശിക വലിയ തിരിച്ചടിയാണ്. സർക്കാർ ആശുപത്രികള്‍ക്ക് പദ്ധതിയില്‍ നിന്ന് പിന്മാറാൻ സാധിക്കില്ലെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് മരുന്നും ഇംപ്ലാന്റുകളും മറ്റും വാങ്ങുന്നത് സ്വകാര്യ ഫാർമസിയിലും കാരുണ്യ ഫാർമസിയില്‍ നിന്നുമാണ്. വിതരണക്കാർക്ക് കോടികള്‍ കുടിശിക ആയതോടെ ഇപ്പോള്‍ അതിന്റെയും വരവില്ല.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഒരു വർഷം നല്‍കുന്നത്. കുടിശിക കിട്ടാതെ എങ്ങനെ ചികിത്സ നല്‍കുമെന്നാണ് ആശുപത്രി അധികൃതർ ചോദിക്കുന്നത്.കാരുണ്യ ബനവലന്റ് പദ്ധതിയില്‍ ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികില്‍സാ സഹായം. കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും.

ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കാർഡുള്ള കുടുംബത്തിന് ഒരു വർഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അർഹരല്ലാത്ത ബി.പി.എല്‍. കുടുംബത്തിനും വാർഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള എ.പി.എല്‍. കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും നല്‍കാനുണ്ട്.

കുട്ടികളുടെ ജനന വൈകല്യങ്ങള്‍, രോഗങ്ങള്‍ എന്നിവയ്ക്ക് ചികില്‍സ ലഭിക്കുക രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) പദ്ധതി വഴിയാണ്. ഈ പദ്ധതിയിലെ കുടിശിക 5,95,67,784. പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള ആരോഗ്യ കിരണം പദ്ധതിയില്‍ കുടിശിക13,82,59,875.

നവജാതശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടിക്കള്‍ക്കുവരെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ഹൃദ്യം പദ്ധതിയില്‍ കുടിശിക 1,23,00,468. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് പദ്ധതിയില്‍ കുടിശിക 7,31,470. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള സൗജന്യ ചികില്‍സാ പദ്ധതിയായ അമ്മയും കുഞ്ഞും പദ്ധതിയില്‍ കുടിശിക 7,11,46,012. ബിപിഎല്‍ വിഭാഗക്കാർക്ക് ക്യാൻസർ ചികില്‍സയ്ക്ക് 3 ലക്ഷംരൂപവരെ ലഭിക്കുന്ന സുകൃതം പദ്ധതിയില്‍ 7,72,64,123 രൂപയും കുടിശികയാണ്.