
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കേരള ഹോസ്പിറ്റൽസ് അസോസിയേഷൻ. ജൂലൈ ഒന്ന് മുതൽ വിട്ട് നിൽക്കുമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള കുടിശ്ശിക തുകയായ 200 കോടി രൂപ നൽകാത്തതിലും കാരുണ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിലെ പുതിയ മാനദണ്ഡങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്ന് പൂർണമായും പിൻമാറാനാണ് സ്വകാര്യ ആശുപത്രികളുടെ തീരുമാനമെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി കോവിഡ് സാഹചര്യത്തിൽ ജൂൺ 30 വരെ നീട്ടിയിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ മാനദണ്ഡങ്ങളോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുക.
ഇത് പ്രകാരമുള്ള പാക്കേജ് തുക അംഗീകരിക്കാനാവില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 198 സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ അറിയിച്ചു.
പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ചേർന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നത്. 45 ലക്ഷത്തോളം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.
കോവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിലും കുറഞ്ഞ നിരക്കിൽ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ സഹകരണം തേടിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്നും പിൻമാറിയിരിക്കുന്നത്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.