കാരുണ്യം കൈവിടത്തില്ല; സർക്കാർ പ്രത്യേക ഉത്തരവിറക്കും : കെ കെ ശൈലജ

കാരുണ്യം കൈവിടത്തില്ല; സർക്കാർ പ്രത്യേക ഉത്തരവിറക്കും : കെ കെ ശൈലജ

സ്വന്തം ലേഖിക

തിരുവനന്തപുരം : കാരുണ്യ പദ്ധതിയിൽ നിലവിലുളളവർക്ക് ആനുകൂല്യം മുടങ്ങില്ലെന്ന് മന്ത്രി കെ.കെ ശൈലജ. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കും. ഇന്നോ നാളെയോ ഉത്തരവ് പുറത്തിറങ്ങും. കാരുണ്യ ആനൂകൂല്യം കിട്ടിയിരുന്നവർക്ക് അതാത് ആശുപത്രികളിൽ ഈ വർഷം ലഭിക്കുമെന്നും കെ.കെ.ശൈലജ പറഞ്ഞു.കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താൽ ചികിൽസ നൽകാതിരിക്കരുതെന്ന് ആശുപത്രികളോട് ആരോഗ്യമന്ത്രി നിർദേശിച്ചു. ആശുപത്രികൾ കണക്കുകൾ സൂക്ഷിക്കണം, പണം സർക്കാർ വൈകാതെ നൽകുമെന്നും മന്ത്രി ഉറപ്പ് പറയുന്നു.പാവപ്പെട്ട രോഗികൾക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി അവസാനിച്ചതോടെ ദുരിതത്തിലായി അർബുദ ബാധിതരും ഹൃദ്രോഗികളും ഉൾപ്പെടെ ലക്ഷക്കണക്കിന് രോഗികൾ. ഏപ്രിൽ ഒന്നു മുതൽ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാതെ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളാണ്.കിടത്തി ചികിൽസയ്ക്ക് മാത്രമേ സഹായം ലഭിക്കൂവെന്നായതോടെ നെട്ടോട്ടമോടുകയാണ് ഒപി രോഗികളും തുടർ ചികിൽസയ്ക്ക് എത്തുന്നവരും.തുടർചികിൽസയ്ക്കെത്തുന്ന രോഗികൾ എന്തു ചെയ്യണം. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൂർണതോതിൽ യാഥാർഥ്യമാകുന്നതുവരെ പുതിയ രോഗികൾ എങ്ങനെ ചികിൽസിക്കും. രണ്ടു ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ട ബാധ്യത സർക്കാരിനുണ്ട്.