കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ തട്ടിയെടുത്ത പണം മറ്റൊരു ട്രസ്റ്റിൽ നിക്ഷേപിച്ച് അവിടെയും തട്ടിപ്പ് ; കണ്ണൂരിലെ കോൺഗ്രസുകാരുടെ തട്ടിപ്പ് ഇങ്ങനെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെറുപുഴ: കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായിരുന്നു. കോൺഗ്രസ് നേതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പാണ് നടന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ലക്ഷങ്ങൾ പിരിച്ച കോൺഗ്രസ് നേതാക്കൾ ട്രസ്റ്റിലുള്ള മറ്റംഗങ്ങൾ പോലുമറിയാതെ ഇതേപേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ചാണ് വൻ തട്ടിപ്പ് നടത്തിയത്.

ട്രസ്റ്റിന്റെ പണമുപയോഗിച്ച് നിർമ്മാണ കമ്പനിയും സ്വകാര്യ കമ്പനിയും രൂപീകരിച്ച് സ്വത്തുകൾ വകമാറ്റി. ഈ തട്ടിപ്പ് തെളിഞ്ഞതോടെയാണ് ട്രസ്റ്റ് ഭാരവാഹികളായ 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായത്. കെപിസിസി മുൻ നിർവാഹക സമിതിയിംഗം കുഞ്ഞികൃഷ്ണൻ നായർ, ചെറുപുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, സി.ഡി സ്‌കറിയ, ടി.വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ. അറസ്റ്റിലായത് പ്രമുഖ നേതാക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011ൽ കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ട്രസ്റ്റ് രൂപീകരിച്ച് ലക്ഷങ്ങൾ പിരിച്ച ശേഷം ഇവർ തന്നെ ചെറുപുഴ ഡെവലപ്പേഴ്‌സ് എന്ന നിർമ്മാണ കമ്പനിയും, കെട്ടിട നിർമ്മാണത്തിനൊപ്പം സിയാഡെന്ന കമ്പനിയും രൂപീകരിച്ചു. വൻ തുകയ്ക്ക് കടമുറികളടക്കം വിറ്റു. ടി.വി സലീം അടങ്ങുന്ന നേതാക്കളും ഇവരുടെ തന്നെ സിയാഡെന്ന കമ്പനിയും തന്നെ ആസ്തിയിൽ ഭൂരിഭാഗവും കൈക്കലാക്കി. പക്ഷെ ട്രസ്റ്റിലേക്ക് മാത്രം ഒന്നുമെത്തിയില്ല. ആശുപത്രിയുമുണ്ടാക്കിയില്ല.

ഇക്കാര്യം ട്രസ്റ്റംഗമായ ജെയിംസ് പന്തമാക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ജെയിംസ് കൊടുത്ത ഈ കേസിലാണ് പയ്യന്നൂർ കോടതി നൽകിയ നിർദേശ പ്രകാരം പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിലാണ് കെ കരുണാകരന്റെ പേരിൽ മറ്റൊരു ട്രസ്റ്റ് മറ്റൊരിടത്ത് രഹസ്യമായി രജിസ്റ്റർ ചെയ്താണ് തട്ടിപ്പിന്റെ തുടക്കമെന്ന് വ്യക്തമായത്.

മുസ്ലിം ലീഗ് ബന്ധമുള്ള അബ്ദുൽസലീമാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രമെന്ന് പൊലീസിന് വിവരമുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉന്നയിച്ചതടക്കമുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് പരാതിക്കാരൻ ജെയിംസ് പന്തമാക്കനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മുഖ്യമന്ത്രിയായിരിക്കെ ആശുപത്രി തറക്കല്ലിടലിന് ഉമ്മൻചാണ്ടിയെ കൊണ്ടുവരാനുള്ള നീക്കം തടയാനും ജെയിംസ് ശ്രമിച്ചിരുന്നു. അതേസമയം ജോയ് എന്ന ജോസഫിന്റെ മരണത്തിൽ പൊലീസ് നിയമോപദേശം കാക്കുകയാണ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുന്നതടക്കമുള്ള നടപടികൾ ഇതിന് ശേഷമാകും. വഞ്ചനാക്കുറ്റത്തിൽ അറസ്റ്റുണ്ടായ സാഹചര്യത്തിൽ ഇനിയുള്ള നടപടികൾ നിർണായകമാണ്.