
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വൻ എം ഡി എം എ വേട്ട. എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം 227 ഗ്രാം എം ഡി എം എയാണ് വീട്ടിൽ നിന്നും പിടികൂടിയത്. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്തുവാണ് എം ഡി എം എയുമായി പിടിയിലായത്. വീട്ടിൽ നിന്ന് പുലർച്ചെ 2 മണിയോടെ ഇയാളെ പിടികൂടുകയായിരുന്നു. അനന്തുവിനെ തിരിച്ചും മറിച്ചും നിർത്തി ദേഹപരിശോധന നടത്തിയ എക്സൈസ് വീട്ടിൽ നിന്ന് മൊത്തത്തിൽ 227 ഗ്രാം എം ഡി എം എ കണ്ടെത്തുകയായിരുന്നു. അനന്തു മുൻപും ലഹരിക്കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
എം ഡി എം എ കേസിൽ രണ്ട് വർഷത്തോളം പ്രതി ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും എം ഡി എം എ കച്ചവടം നടത്തിവരുന്നതിനിടെയാണ് വീട്ടിൽ നിന്നും പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതി എം ഡി എം എ എത്തിക്കുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപ് പറഞ്ഞു. വിദ്യാർഥികളെ അടക്കം ലക്ഷ്യമിട്ടുള്ള ലഹരിക്കച്ചവടമാണ് അനന്തു നടത്തിയിരുന്നതെന്നും എക്സൈസ് ഇൻസ്പെക്ടർ വിവരിച്ചു.