
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 300 കടന്നു. നാലാം ദിനം തുടക്കത്തിലെ കരുണ്‍ നായരെയും അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെയും നഷ്ടമായ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 10 റണ്‍സോടെ റിഷഭ് പന്തും ക്രീസില്‍. 26 റണ്‍സെടുത്ത കരുണ്‍ നായരുടെയും 55 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് നാലാം ദിനം ആദ്യ മണിക്കൂറില്‍ ഇന്ത്യക്ക് നഷ്ടമായത്. ബ്രെയ്ഡന്‍ കാര്‍സിന്‍റെ പന്തില്‍ കരുണിനെ ജാമി സ്മിത്ത് പിടികൂയിപ്പോള്‍ ജോഷ് ടങ് രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 312 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
നാലാം ദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ആദ്യ അര മണിക്കര്‍ വിക്കറ്റ് നഷ്ടമാവാതെ കരുണും രാഹുലും പിടിച്ചു നിന്നു. അഞ്ച് ബൗണ്ടറികള്‍ നേടിയെങ്കിലും ഇംഗ്ലണ്ട് പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ പതറിയ കരുണ്‍ ഒടുവില്‍ നല്ല തുടക്കത്തിനുശേഷം 26 റണ്‍സെടുത്ത് മടങ്ങി.
Brydon Carse has our first of the morning! 🤩
He's deserved that and Karun Nair is gone for 2️⃣6️⃣. pic.twitter.com/lOCXPj6rdJ
— England Cricket (@englandcricket) July 5, 2025
മറുവശത്ത് മോശം പന്തുകളില്‍ മാത്രം റണ്‍സ് നേടിയ രാഹുലാകട്ടെ കരുണിന്‍റെ വിക്കറ്റ് വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.കരുണ്‍ പുറത്താവും മുമ്പ് 58 പന്തില്‍ 40 റണ്‍സെടുത്തിരുന്ന രാഹുല്‍ പിന്നീട് 28 പന്തുകള്‍ നേരിട്ടാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ രാഹുലിന്‍റെ പ്രതിരോധം തകര്‍ത്ത ജോഷ് ടങ് ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച പേസും സ്വിംഗും കണ്ടെത്തുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇംഗ്ലണ്ടിനായി ജോഷ് ടങ് രണ്ട് വിക്കറ്റെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
64-1 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ മണിക്കൂറില്‍ 35 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുള്ളതിനാല്‍ 450 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കാനാവും ഇന്ത്യ ശ്രമിക്കുക.



