കർണാടക പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവ് മരിച്ച സംഭവം; എസ്ഐക്കും വനിത ഹെഡ് കോൺസ്റ്റബിളിനും സസ്പെൻഷൻ; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മക്കളെയും അപമാനിച്ചുവെന്ന പരാതിയിൽമേലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ചതിനെത്തുടർന്ന് എ.എസ്.ഐയേയും വനിത ഹെഡ് കോണ്‍സ്റ്റബിളിനേയും സസ്പെൻഡ് ചെയ്തു.
കൊല്ലം സ്വദേശി ബിജു മോഹൻ (45) മരിച്ച സംഭവത്തിലാണ് നടപടി. എ.എസ്.ഐ ബി.ഇ.മധു, എ.സുജാത എന്നിവരെയാണ് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുണ്‍ സസ്പെൻഡ് ചെയ്തത്. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചേർകാഡിയില്‍ അപരിചിതൻ സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ സഹോദൻ ബിജു മോഹനെ പൊലീസിന് പിടിച്ച് നല്‍കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരിയെ കുട്ടികളുടെ മുന്നില്‍ വച്ച് ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു സഹോദരൻ പോലീസിനോട് പറഞ്ഞത്.
സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍ ഞായറാഴ്ച പുലർച്ചെ 3.45ഓടെ സ്റ്റേഷനില്‍ പാറാവ് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസുകാർ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.എം.സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് എ.എസ്.ഐക്കും ഹെഡ്കോണ്‍സ്റ്റബ്ളിനും എതിരെ നടപടിയെടുത്തതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.