
പേര് അക്ഷരനഗരി, വകതിരിവ് വട്ടപ്പൂജ്യം..! കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറച്ച് കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ കൂറ്റന്‍ ബോര്‍ഡ്; അപകടം ഉണ്ടാകും മുന്‍പ് മാറ്റിയില്ലെങ്കില്‍ നാട്ടുകാര്‍ സംഘം ചേരും; പ്രതികരിച്ച് ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍
സ്വന്തം ലേഖകന്‍
കോട്ടയം: അക്ഷരനഗരിയെന്ന് ഖ്യാതിയുള്ള കോട്ടയത്ത് കാണിച്ചുകൂട്ടുന്നത് മുഴുവന്‍ തലതിരിഞ്ഞ ഐഡിയകളാണ്. നഗരത്തിന്റെ ഒത്ത നടുക്ക് തുരുമ്പെടുത്ത് നില്‍ക്കുന്ന ആകാശപ്പാത മുതല്‍ കോഴിക്കൂടിന് സമാനമായ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെ ഇതില്‍പ്പെടും. സ്ഥിരമായിട്ടല്ലെങ്കിലും ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡും..!
കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലാണ് കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്നത്. കെ.കെ റോഡില്‍ നിന്നും എം.സി റോഡില്‍ നിന്നും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംഗമിക്കുന്ന ഇടമാണ് സെന്‍ട്രല്‍ ജംഗ്ഷന്‍. ഇവിടെ ആലപ്പാട്ട് ജൂവലറിക്ക് മുന്‍പിലായാണ് കാഴ്ച മറയ്്ക്കുന്ന തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കെ.കെ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എം.സി റോഡില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ കാണാനാകില്ലെന്ന് സാരം. എത്രയൊക്കെ ശ്രദ്ധിച്ചാലും സ്ഥിരം അപകടമുണ്ടാകുന്ന ഈ ജംഗ്ഷനിലാണ്തടസം സൃഷ്ടിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തിന്റെ സ്വന്തം കൂട്ടായ്മയായ ട്രോള്‍ കോട്ടയമാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി മനുഷ്യത്വവും വകതിരിവും കര്‍ഷക സംഘം നേതാക്കള്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍ അപകടം ഉണ്ടാകും മുന്‍പ് ഫ്‌ളക്‌സ് മാറ്റി സ്ഥാപിക്കണം. പേര്, അക്ഷര നഗരിയെന്നല്ലേ? വകതിരിവ് വേണ്ടേ കുറച്ചെങ്കിലും..?