
കർണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും; മലയാളിയായ യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥി ആക്കാൻ കോൺഗ്രസ് തീരുമാനിച്ചു
സ്വന്തം ലേഖകൻ
ബംഗലൂരു: കർണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥി ആക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
മുഖ്യമന്ത്രി സിദ്ധരാമയ്യ,ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ഖാദറിന്റെ നാമനിർദേശ പത്രികയിൽ പിന്തുണച്ച് ഒപ്പുവെക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിമാകും യുടി ഖാദർ. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ് ഖാദർ വിജയിച്ചത്. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. പ്രോടേം സ്പീക്കർ ആർ വി ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.
നേരത്തെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ ആർ വി ദേശ് പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ തുടങ്ങിയവരുടെ പേരുകളാണ് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടത്.
എന്നാൽ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ഇവരെല്ലാം സ്പീക്കർ പദവി വേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.
എട്ടു കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായി താൻ പ്രവർത്തിച്ചിട്ടുണ്ട്. പത്താം തവണയാണ് താൻ നിയമസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നത്.
ആരോഗ്യപ്രശ്നങ്ങൾ അടക്കം ഉള്ളതിനാൽ സ്പീക്കർ സ്ഥാനത്തേക്ക് ഇല്ലെന്ന് ആർ വി ദേശ്പാണ്ഡെ അറിയിച്ചു. മണ്ഡലത്തിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ സ്പീക്കർ പദവിയിലേക്കില്ലെന്ന് ജയചന്ദ്രയും കോൺഗ്രസ് നേതാക്കളെ അറിയിച്ചു.
ഇതേത്തുടർന്നാണ് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും കെസി വേണുഗോപാലും യുടി ഖാദറുമായി ചർച്ച നടത്തിയത്. രണ്ടു വർഷത്തിന് ശേഷം നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നൽകാമെന്ന് നേതാക്കൾ ഖാദറിന് ഉറപ്പു നൽകിയതായാണ് റിപ്പോർട്ടുകൾ.