play-sharp-fill
കര്‍ണാടകയില്‍ പട്ടാപ്പകല്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി; ബന്ധുവിനെതിരെ കുടുംബം.

കര്‍ണാടകയില്‍ പട്ടാപ്പകല്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി; ബന്ധുവിനെതിരെ കുടുംബം.

സ്വന്തം ലേഖിക

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ പട്ടാപ്പകല്‍ സ്കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി. ഹാസനിലെ ആരാധന സ്കൂളില്‍ അധ്യാപികയായ അര്‍പ്പിത(23)യെയാണ് മൂന്നംഗസംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഹാസനിലെ ബിട്ടഗൗഡനഹള്ളിയിലായിരുന്നു സംഭവം.

നടന്നുവന്ന യുവതിയെ റോഡിലേക്ക് കടന്നതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയത്. യുവതി നടന്നുവരുമ്ബോള്‍ ഇവരുടെ മുന്നിലായി ഒരുയുവാവും നടന്നുവന്നിരുന്നു. അര്‍പ്പിത റോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഇയാളും കാറിലെത്തിയ മറ്റുള്ളവരും ചേര്‍ന്ന് യുവതിയെ കീഴ്പ്പെടുത്തി കാറിലിട്ട് കടത്തിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബന്ധുവായ രാമു എന്നയാളാണെന്നാണ് അര്‍പ്പിതയുടെ കുടുംബത്തിന്റെ ആരോപണം. അര്‍പ്പിതയെ വിവാഹം കഴിക്കണമെന്നായിരുന്നു രാമുവിന്റെ ആഗ്രഹം. രണ്ടാഴ്ച മുൻപ് ഇയാള്‍ വിവാഹാഭ്യര്‍ഥനയും നടത്തി. എന്നാല്‍ അര്‍പ്പിതയും മാതാപിതാക്കളും ഇതിന് വിസമ്മതിച്ചെന്നും ഇതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നുമാണ് ബന്ധുക്കള്‍ പ്രാദേശികമാധ്യമങ്ങളോട് പറഞ്ഞത്.

സംഭവത്തില്‍ ഹാസൻ ജില്ല പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീതയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കണ്ടെത്താനായി മൂന്നുസംഘങ്ങളായി തിരിഞ്ഞ് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം, വ്യാഴാഴ്ച സ്കൂളിന് അവധിയായിട്ടും അധ്യാപിക വീട്ടില്‍നിന്ന് സ്കൂളിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. സ്കൂളില്‍ എന്തെങ്കിലും ചടങ്ങുകളോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനായാണോ യുവതി വീട്ടില്‍നിന്ന് പോയതെന്നകാര്യം പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.