സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു; വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിന് കർണാടക ഹൈക്കോടതിയുടെ സ്റ്റേ

Spread the love

ബെംഗളൂരു: കർണാടകയില്‍ വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.

video
play-sharp-fill

ജസ്റ്റിസ് ജ്യോതി എം ആണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വിജ്ഞാപനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ഹോട്ടല്‍സ് അസോസിയേഷൻ ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

നിയമം വഴി സ്ഥാപിക്കാത്ത ഒരവധിയാണ് സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന്, സർക്കാർ ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി, വിജ്ഞാപനം തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബർ 20 ന് വന്ന വിജ്ഞാപനത്തില്‍ 18 നും 52 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവ അവധി നല്‍കണമെന്നായിരുന്നു നിർദ്ദേശം.

വിജ്ഞാപനം ഫാക്ടറീസ് ആക്‌ട്, കര്‍ണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്‌ട് തുടങ്ങിയ വിവിധ തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമായിരുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.