
ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഏപ്രിൽ മാസത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്‌രു, ജസ്റ്റിസ് സി. എം. ജോഷി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ ട്രാൻസ്‌പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനും കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്താനും അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. വാഹന രജിസ്ട്രേഷനും പെർമിറ്റും അനുവദിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്താമെങ്കിലും, മോട്ടോർസൈക്കിളുകൾ ട്രാൻസ്‌പോർട്ട് വാഹനങ്ങളായി ഓടിക്കാൻ കഴിയില്ലെന്ന കാരണത്താൽ അപേക്ഷകൾ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് നിയമപരമായി ആവശ്യമായ വ്യവസ്ഥകൾ പെർമിറ്റുകളിൽ ഉൾപ്പെടുത്താൻ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 74(2) പ്രകാരം നിലവിലുള്ള അഗ്രിഗേറ്റർമാരുടെ അപേക്ഷകൾ പരിഗണിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


