play-sharp-fill
ബിജെപിക്കേറ്റ തിരിച്ചടി: കർണാടകയിലും താമര കരിഞ്ഞേക്കും

ബിജെപിക്കേറ്റ തിരിച്ചടി: കർണാടകയിലും താമര കരിഞ്ഞേക്കും


സ്വന്തം ലേഖകൻ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടി കർണാടകയിൽ കോൺ- ജനതാദൾ (എസ്) സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളെ മന്ദഗതിയിലാക്കുമെന്ന് വിലയിരുത്തൽ. എംഎൽഎമാരെ വിലയ്‌ക്കെടുക്കാനുള്ള ‘ഓപ്പറേഷൻ താമര’യുമായി വീണ്ടും ഇറങ്ങുന്ന കർണാടക ബിജെപിക്കുള്ള മുന്നറിയിപ്പാണിതെന്ന് ഭരണകക്ഷി നേതാക്കൾ പറയുന്നു. കോൺഗ്രസിനാകട്ടെ, മന്ത്രിസഭാ വികസനത്തിന്റേയും മറ്റും പേരിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ സഹായമാകുന്നതാണ് തിരഞ്ഞെടുപ്പു ഫലം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ മുന്നണിക്ക് കാര്യങ്ങൾ അനുകൂലമാകുന്നതിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിൽ നിന്നു രാജ്യത്തെ ജനം മുക്തമാക്കിയെന്ന് ദൾ ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡ പ്രതികരിച്ചു.