സ്‌കൂള്‍ കോമ്പൗണ്ടില്‍ വ്യാജവാറ്റ് ; കരിപ്പൂത്തട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 40 ലിറ്റര്‍ കോട : ലോക് ഡൗണിനില്‍ സ്‌കൂള്‍ അടച്ചത് വാറ്റിന് വളമാക്കി ലഹരിമാഫിയ
സ്വന്തം ലേഖകന്‍
കോട്ടയം : ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട കണ്ടെടുത്തു.
ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കിടയിലെ പുല്‍പ്പടര്‍പ്പുകളില്‍ നിന്നുമാണ് 20 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലായി 40 ലിറ്റര്‍ കോട ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ അത്യാവശ്യ ഓഫീസ് ആവശ്യത്തിനായി സ്‌കൂള്‍ അധികൃതര്‍ ഇന്ന് സ്‌കൂളിലെത്തിയപ്പോഴാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും പ്രധാന കെട്ടിടത്തിന്റെയും ഇടയിലെ പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ കന്നാസ്സുകള്‍ കാണപ്പെട്ടത്.
സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോടയടക്കം കന്നാസുകളാണ് ഇതെന്ന് കണ്ടെത്തി.
തുടര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ചു കയറി കോട ഒളിപ്പിച്ചു വച്ചവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റുമാനൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.റെജിയുടെ നേതൃത്വത്തില്‍ റെയ്ഡില്‍ പ്രിവന്റീവ് ആഫീസര്‍ അനു വി ഗോപിനാഥ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജോബി അഗസ്റ്റിന്‍ , ഡഗ ബാബു വനിതാ സിവില്‍ എക്‌സൈസ് ആഫീസര്‍ വീണ എന്നിവര്‍ പങ്കെടുത്തു