play-sharp-fill
ഇനി ബ്ലഡ് ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ വാടാ വേറെ ആശുപത്രിയിൽ പോയി നോക്കാമെന്ന് പറഞ്ഞ ഫ്രീക്കന്മാർ ;ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ്  കുറിയരിക്കഞ്ഞിയും ചായയും  വാർഡിൽ  ഓടി നടന്ന് വിതരണം ചെയ്ത മധ്യവയസ്‌കൻ ; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ദുരന്തങ്ങളെ നമ്മൾ അതിജീവിക്കും : വൈറലായി അധ്യാപകന്റെ കുറിപ്പ്

ഇനി ബ്ലഡ് ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ വാടാ വേറെ ആശുപത്രിയിൽ പോയി നോക്കാമെന്ന് പറഞ്ഞ ഫ്രീക്കന്മാർ ;ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ചായയും വാർഡിൽ ഓടി നടന്ന് വിതരണം ചെയ്ത മധ്യവയസ്‌കൻ ; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ദുരന്തങ്ങളെ നമ്മൾ അതിജീവിക്കും : വൈറലായി അധ്യാപകന്റെ കുറിപ്പ്

സ്വന്തം  ലേഖകൻ

കോഴിക്കോട് : രാജ്യത്തെ നടുക്കിയ വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായത്. നാടിനെ നടുക്കിയ ദുരന്തത്തിൽ കൊറോണക്കാലത്തെ സാമൂഹിക അകലം ഉൾപ്പടെയുള്ള മറന്ന് രക്ഷാപ്രവർത്തനത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു.

അത് ദുരന്തത്തിന്റെ ആക്കം കുറയ്ക്കുന്നതിനും ഏറെ സഹായിച്ചിരുന്നു. ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നന്മയുള്ള കുറെ മനുഷ്യരെകുറിച്ച് കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയമുള്ളവരേ,

എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്‌നേപി വിചാരിച്ചിട്ടില്ല. ഇതെഴുതുമ്പോഴും അപകടത്തിന്റെ നേർസാക്ഷ്യത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഞാൻ എയർപോർട്ടിലെത്തിയത്.

അഞ്ച് മണിക്കെത്തിയ ഷാർജ ഫ്‌ളൈറ്റിലെ യാത്രക്കാരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.

നാലഞ്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു.

അപ്പോൾ വിളിച്ച പി.സി. ബാബു മാഷുമായി ഞാൻ ഇനി എനിക്ക് എയർപോർട്ട് ഡ്യൂട്ടി മതി എന്ന തമാശ പങ്കുവെച്ചപ്പോൾ മാഷ്‌ക്ക് ഇപ്പോ ടീച്ചർമാരെ വേണ്ട എയർ ഹോസ്റ്റസുമാരെ മതി എന്ന് പോലീസുകാർ കളിയാക്കി. അങ്ങനെ തമാശകൾ പറഞ്ഞിരിക്കമ്പോഴാണ് വിമാനം 7 മണിക്കാണെന്നും പിന്നെ 7.15 എന്നും പിന്നെ 7.30 എന്നും ഡിസ്‌പ്ലേ കാണിക്കുന്നത്. അപ്പോഴാണ് പോലീസുകാരുടെ ഹാൻഡ് സെറ്റിൽ വിമാനം ക്രാഷ് ലാന്റിംഗ് എന്ന വോയ്‌സ് മെസേജ് വരുന്നത്. ഉടനെ എല്ലാവരും എഴന്നേറ്റോടി. അപ്പോഴേക്കും എമർജൻസി ഡോർ തുറന്നു വെച്ചിരുന്നു.

കനത്ത മഴയിൽ കുതിക്കുന്ന എയർപോർട്ട് ഫയർഫോഴ്‌സ് വാഹനങ്ങളുടെ പിന്നാലെ റൺവേയുടെ കിഴക്കേ അറ്റത്തേക്ക് എല്ലാവരും കുതിച്ചു. അവിടെ എത്തിയപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്.

റൺവേയും അതു കഴിഞ്ഞുള്ള സ്ഥലവും കടന്ന് 20 മീറ്ററിലധികം കുത്തനെ താഴ്ചയുള്ള കരിങ്കൽ കെട്ടും കടന്ന് താഴെയുളള മതിലിലിടിച്ചാണ് വിമാനം നിൽക്കുന്നത്.  കനത്ത മഴ വിമാനം തീ പിടിക്കാതെ കാത്തു. ഒപ്പം ഫയർഫോഴ്‌സ് യൂണിറ്റുകൾ നിർത്താതെ വെള്ളം പമ്പു ചെയ്യുന്നുണ്ടായിരുന്നു.

ഉടനെത്തന്നെ ഞങ്ങൾ എയർപോർട്ട് ടാക്‌സിക്കാർക്ക് വിളിച്ച് മുഴുവൻ ടാക്‌സികളോടും റൺവേയിലൂടെ വരാതെ പുറത്ത് വന്ന് എയർപോർട്ട് ചുറ്റി പുറത്തെ റോഡിലെത്താൻ പറഞ്ഞു. കുത്തനെയുള്ള സ്ഥലം വഴി താഴൊട്ടിറങ്ങാൻ സാധിക്കുകയില്ല.

അപ്പോഴേക്കും അപ്പുറത്തെ പ്രദേശവാസികൾ പൊളിഞ്ഞ മതിൽ വഴി അകത്തു കടന്ന് ജീവൻ പണയം വെച്ച് വിമാനത്തിനുള്ളിൽ വലിഞ്ഞുകയറി കിട്ടുന്നവരെയെല്ലാം പുറത്തേക്കെത്തിച്ചു. കിട്ടിയവരെക്കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു.

അപ്പോഴേക്കും ഫയർഫോഴ്‌സ് വാതിലൊക്കെ കട്ട് ചെയ്ത് സ്‌ട്രെച്ചറുകൾ അകത്തെത്തിച്ചു. മൂന്ന് മണിക്കൂറിലെ കഠിന പ്രയത്‌നത്തിനൊടുവിൽ മുഴുവൻ യാത്രക്കാരെയും ആശുപത്രികളിലെത്തിച്ചു. അല്ലെങ്കിൽ മരണ സംഖ്യ മൂന്നക്കം എത്തിയേനെ.

ഇനിയാണ് പറയാതിരിക്കാനാവാത്ത കാഴ്ചകൾ.ആംബുലൻസുകളെത്തുന്നതിനു മുൻപേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാർ, യാത്രക്കാരോട് മീറ്ററുകൾക്കപ്പുറത്ത് നിന്ന് ഫേസ് ഷീൽഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പൊലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച, ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്‌സി ഡ്രൈവർമാർ, രക്തം ദാനം ചെയ്യാൻ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ,

ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോൾ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കൻമാർ..

ദുരന്ത മുഖത്തെ ഇങ്ങനത്തെ ചില കാഴ്ചകൾ മറക്കില്ല. കോവിഡില്ല, സാമൂഹ്യ അകലമില്ല, ആർക്കും ഒരു പേടിയുമില്ല, ഒരു യാത്രക്കാരനെയെങ്കിലും രക്ഷിക്കാൻ തനിക്കായാൽ അതു തന്നെ ജീവിത സാഫല്യമെന്ന് കരുതുന്ന കുറെ പച്ച മനുഷ്യർ.

ഇന്ന് രാവിലെ കൊണ്ടോട്ടിയിലെ ആശുപത്രക്കു മുന്നിൽ കണ്ട ഒരു കാഴ്ച കൂടി വിട്ടു പോയിക്കൂടാ. എന്റെ ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ഫ്‌ളാസ്‌കിൽ ചായയും നിറച്ച് വാർഡിൽ ഓടി നടക്കുന്ന ഒരു മധ്യ വയസ്‌കൻ. ഇങ്ങനെ മനുഷ്യൻ എന്ന മഹാപദത്തിന്റെ മുഴുവൻ അർഥവും ആവാഹിച്ച കുറെ സാധാരണക്കാർ. നമിക്കണം അവരെ നാം ഒരു തത്വചിന്തകർക്കും ഇവർ നൽകുന്ന ദർശനം പഠിപ്പിക്കാനാവില്ല. കൈകളുടെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. ചില സുഹൃത്തുക്കൾ പറഞ്ഞത് ഞാൻ ഏറ്റു പറയട്ടെ.

ഒരു കൊണ്ടോട്ടിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇങ്ങനെയുള്ള
‘ മനഷ്യർ’ ഉള്ളിടത്തോളം കാലം എല്ലാ ദുരന്തങ്ങളെയും നാം അതി ജീവിക്കും.