പെരിയ ഇരട്ടക്കൊലപാതകം: കൊലനടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കഞ്ചാവ് ലഹരിയിൽ; ആക്രമണം കണ്ണൂർ മോഡൽ; ക്വട്ടേഷൻ സംഘത്തിന്റെ പങ്ക് തള്ളാതെ പൊലീസ്
ക്രൈം ഡെസ്‌ക്
കാസർകോട്: പെരിയയിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗുഡാലോചന കണ്ണൂരിൽ നിന്നെന്ന് സൂചന. സംഭവത്തിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, താൻ നേരിട്ടാണ് കൃത്യത്തിൽ പങ്കെടുത്തതെന്നും, കൊല നടത്തുന്ന സമയത്ത് താൻ കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്നും, മുൻവൈരാഗ്യത്തെ തുടർന്നാണ് താൻ കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആറുപേരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തിട്ടുള്ളവരാണെന്നാണ് സൂചന.
അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃപേഷും ശരത് ലാലും ചേർന്നാക്രമിച്ച കേസിൽ പാർട്ടി ഇടപെടൽ ഉണ്ടാകാത്ത് നിരാശ ഉണ്ടാക്കിയിരുന്നെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു. എന്നാൽ ഇത് കേസ് ഗതി തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊല്ലപ്പെട്ട യുവാക്കളുടെ ശരീരരത്തിലെ മുറിവുകൾ പരിശോധിക്കുമ്പോൾ, അത് കൊലപാതകത്തിൽ മുൻപരിചയമുള്ള കൊട്ടേഷൻ സംഘങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃപേഷും ശരത് ലാലും പെരിയയിൽ വച്ച് തന്നെ ആക്രമിച്ചിരുന്നു. അന്ന് കൈ ഒടിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കൃപേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം പൊലീസ് കൈകൊണ്ടില്ല. ഇതേ ആവശ്യം പാർട്ടി തലത്തിലും ഉന്നയിച്ചെങ്കിലും അവിടുന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. സഹായത്തിന് സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ഇവരുടെ സഹായത്തോടെ കൊല നടത്തിയത്.
എന്നാൽ പീതാംബരൻ കുറ്റം സ്വയം ഏൽക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കാണ് പീതാംബരന്റെ മൊഴി. ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
ഇതുപോലെ കൊലയാളി സംഘം എത്തിയത് കണ്ണൂർ രജിസ്‌ട്രേഷനിലുള്ള ജീപ്പിലാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവദിവസം വൈകിട്ട് കല്യോട്ട് ക്ഷേത്ര പരിസരത്ത് കൊല്ലപ്പെട്ട യുവാക്കൾ ഉള്ളപ്പോൾ ജീപ്പ് ഇവിടെയെത്തിയെന്നാണ് വിവരം ലഭിച്ചത്. ഈ ജീപ്പ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതേസമയം പള്ളിക്കര പാക്കത്ത് ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതും കൊലയാളി സംഘം ഉപേക്ഷിച്ചതായാണ് കരുതുന്നത്.
പെരിയ കല്യോട്ടെ ശരത് ലാൽ (24), കൃപേഷ് (19) എന്നിവർ ഞായറാഴ്ച വൈകിട്ട് 7.30ഓടെ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ചിലരെ ചോദ്യംചെയ്തതിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് അറിയുന്നത്. ഇയാൾ കർണാടകയിലേക്ക് ഒളിവിൽ പോയതായി ഇന്നലെ വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. അതിർത്തിയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്.
കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, പീതാംബരനും വത്സനും അറിയാതെ കൊലപാതകം നടക്കില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളും ഇയാളുടെ പേരെടുത്ത് ആരോപണം ഉന്നയിച്ചു. പീതാംബരനെ ആക്രമിച്ച കേസിലാണ് ശരത് റിമാൻഡിൽ കഴിഞ്ഞത്. കൃപേഷും ആ കേസിൽ പ്രതിയായിരുന്നു. സംഭവത്തിന് ശേഷം ഭീഷണിയുടെ നിഴലിൽ ആയിരുന്നു ഇരുവരും. പീതാംബരനും സംഘത്തിനുമുള്ള വൈരാഗ്യം തന്നെയാണ് ക്വട്ടേഷൻ സംഘത്തെ ഇറക്കിയുള്ള കൊലപാതകത്തിന് പിന്നിലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ.
കണ്ണൂർ മോഡൽ ആക്രമണമാണ് യുവാക്കൾക്ക് നേരെ നടന്നത്. ഒളിച്ചിരുന്ന് വാളുകൊണ്ടും മഴു കൊണ്ടും വെട്ടുന്നത് കണ്ണൂർ മോഡൽ ക്വട്ടേഷൻ അക്രമി സംഘത്തിന്റെ ശൈലിയാണ്. ഷുഹൈബ് വധത്തിൽ ഉൾപ്പെടെ ഈ രീതി കണ്ടിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. കൊടുവാൾ കൊണ്ട് മുട്ടിന് താഴെ വെട്ടുകയും തല വെട്ടിപിളർക്കുകയും ചെയ്യുക എന്നതാണ് ആ ശൈലി. ഇരകൾ ഓടിരക്ഷപ്പെടാതിരിക്കാനാണ് മുട്ടിന് താഴെ വെട്ടി ഞരമ്ബുകൾ മുറിക്കുന്നത്. പിന്നീടാണ് തലക്ക് വെട്ടുക. കൃപേഷിനേയും ശരത്തിനെയും വധിച്ചത് തലക്ക് കൃത്യമായി വെട്ടിയാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണ്. കൃപേഷും ശരത് ലാലും ബൈക്കിൽ വീട്ടിലേക്ക് പുറപ്പെടുന്നത് കല്ല്യോട്ട് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച് ആരോ കൃത്യമായി ശരത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ കാത്തുനിന്നിരുന്ന ക്വട്ടേഷൻ സംഘത്തിന് കൈമാറിയിരുന്നു. പത്ത് മിനിറ്റുകളുടെ ഇടവേളയിൽ നടത്തിയ വിദഗ്ധമായ ഓപ്പറേഷനിലാണ് യുവാക്കളെ വധിച്ചത്. ശരത്തിനെ കൊല്ലുന്നതിനായിരുന്നു ക്വട്ടേഷൻ. ദൃക്സാക്ഷികളും തെളിവുകളും ഇല്ലാതാക്കാനാണ് കൃപേഷിനെ കൂടി വകവരുത്തിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കല്ല്യോട്ട് ക്ഷേത്ര പരിസരത്ത് നിന്ന് സുഹൃത്തുക്കൾ പിരിഞ്ഞ ശേഷം ശരത് ലാലിനെ വീട്ടിൽ വിടാനാണ് കൃപേഷ് ബൈക്കിൽ ഒപ്പം വന്നത് . ശരത്തിന്റെ വീട് എത്തുന്നതിന് തൊട്ടുമുമ്ബ് താന്നിത്തടം കല്ല്യോട്ട് ടാർ റോഡ് അവസാനിക്കുന്ന കൂരങ്കര എന്ന സ്ഥലത്താണ് കൊല നടന്നത്. ഇവിടെ മലഞ്ചെരുവിലുള്ള കുറ്റിക്കാട്ടിൽ ആണ് സഹായികളുടെ ഫോൺ വിളിക്ക് കാതോർത്ത് കൊലയാളി സംഘം ഒളിച്ചിരുന്നത്. ഈ സ്ഥലത്ത് ആകെയുള്ളത് മൂന്ന് വീടുകൾ മാത്രമാണ്. അവധി ദിവസമായതിനാൽ ഈ വീടുകളിലൊന്നും ആളുകളും ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വാളിന്റെ കഷണം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.