
കോട്ടയം: കുടിശിക രണ്ടു കോടിയോളം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചും പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാതെയും നഗരസഭയിലെ കരാറുകാര്‍.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരാറുകാരുടെ നീക്കത്തില്‍ പ്രതിസന്ധിയിലായി കൗണ്‍സിലര്‍മാര്‍. നഗരസഭയിലെ 52 വാര്‍ഡുകളിലും ഇത്തരത്തില്‍ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണ്.
മാര്‍ച്ചിനുശേഷം കരാറുകാര്‍ക്കു പണം കിട്ടിയില്ല. രണ്ടുകോടി രൂപയോളം തനതുഫണ്ടില്‍ കിട്ടാനുണ്ട്. പ്ലാന്‍ ഫണ്ടിലെ തുക കിട്ടി. എം.എല്‍.എ ഫണ്ടിലെ പണിയുടെ തുകയും കിട്ടാനുണ്ട്.
ഒരു പ്രവൃത്തി ഏറ്റെടുത്താല്‍ അഞ്ചു ശതമാനം സെക്യൂരിറ്റി കെട്ടണം. അതിനുപോലും നിര്‍വാഹമില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. തനതുഫണ്ടില്‍ എട്ടുകോടി രൂപ ഉണ്ട്.
എന്നാല്‍ അത് കരാറുകാരുടെ കൈയിലെത്തിയിട്ടില്ല. സാങ്കതിക തടസങ്ങളാണ് അധികൃതര്‍ ഉന്നയിക്കുന്നത്. നഗരസഭയില്‍ ഇരുപതോളം ഉദ്യോഗസ്‌ഥര്‍ സ്‌ഥലംമാറിപ്പോയി. പുതിയതായി വന്നവര്‍ കാര്യങ്ങള്‍ പഠിച്ചുവരാന്‍ താമസമെടുക്കുന്നു. അപ്പോഴേക്കും അവരും സ്‌ഥലം മാറിപ്പോവും. നടപടികള്‍ വേഗത്തിലാക്കാനോ യഥാസമയം പ്രവൃത്തികള്‍ ചെയ്യിപ്പിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നും കരാറുകാര്‍ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്‌ട്രീയക്കളിയില്‍ വലയുന്നത് പൊതുജനങ്ങളാണ്. നഗരസഭാ പരിധിയിലെ പല വാര്‍ഡുകളിലും റോഡുകള്‍ കുണ്ടും കുഴിയുമായി പാടേ തകര്‍ന്നുകിടക്കുകയാണ്. മഴവെള്ളം നിറഞ്ഞതോടെ അപകടസാധ്യതയും വര്‍ധിച്ചു. പലയിടങ്ങളിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
തുക കൊടുക്കാത്തതിനും സ്‌ഥലം മാറ്റങ്ങള്‍ക്കും പിന്നില്‍ രാഷ്‌ട്രീയ ആരോപിക്കുന്നുണ്ടെങ്കിലും മുന്നു മുന്നണികളിലെയും കൗണ്‍സിലര്‍മാരും കരാറുകാരുടെ നീക്കത്തില്‍ ബുദ്ധിമുട്ടിലാണ്. റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ വിളറുകയാണു കൗണ്‍സിലര്‍മാരില്‍ പലരും