കരടിയുടെ വേഷം ധരിച്ച് കാർ തല്ലിപ്പൊളിച്ചു: സംശയം തോന്നി ഇൻഷ്വറൻസ് കമ്പനി നടത്തിയ അന്വേഷണത്തിൽ സത്യം പുറത്തായി: ഡ്യൂപ്ലിക്കേറ്റ് കരടി അടക്കം 4 പേർ പിടിയിൽ
ലോസ് ആഞ്ചലസ്: കരടി വാഹനം ആക്രമിച്ചെന്ന് പറഞ്ഞ് വൻതുകയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ചതിന് നാലുപേർ അറസ്റ്റില്‍. ആക്രമിച്ചത് യഥാർഥ കരടിയല്ലെന്നും കരടിയുടെ വേഷം ധരിച്ചെത്തി യുവാക്കള്‍ നടത്തിയ നാടകമാണെന്നും കണ്ടെത്തിയതോടെയാണ് നാലുപേരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്.
അമേരിക്കയിലെ ലോസ് ആഞ്ജലസിലാണ് സംഭവം.
റൂബൻ തമ്രാസിയൻ, അരാരാത് ചിർകിനിയാൻ, വാഹേ മുരാദ്ഖനായ്ൻ, ആല്‍ഫിയ സുക്കർമാൻ എന്നിവരെയാണ് ഇൻഷുറൻസ് തട്ടിപ്പിന് പോലീസ് പിടികൂടിയത്.
റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് മോഡല്‍ വാഹനത്തിന് നേരേ കരടിയുടെ ആക്രമണം നടന്നെന്നും സംഭവത്തില്‍ വാഹനത്തിന് നാശനഷ്ടമുണ്ടായെന്നും പറഞ്ഞാണ് ഇവർ 1,41,839 ഡോളറിന്റെ (ഏകദേശം 1.19 കോടി രൂപ) ഇൻഷുറൻസ് ക്ലെയിമിനായി സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇൻഷുറൻസ് കമ്പനി നടത്തിയ വിശദമായ അന്വേഷണത്തില്‍ കരടി ആക്രമിച്ചെന്ന പരാതി വ്യാജമാണെന്നും ഇൻഷുറൻസ് തുക കൈക്കലാക്കാനായി യുവാക്കളിലൊരാള്‍ കരടിയുടെ വേഷം ധരിച്ചെത്തിയാണ് കാറിന് നേരേ ആക്രമണം നടത്തിയതെന്നും കണ്ടെത്തി. ഇതോടെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേർക്കെതിരേയും കേസെടുത്തത്.
ഇക്കഴിഞ്ഞ മാസമാണ് വാഹനത്തിന് നേരേ കരടിയുടെ ആക്രമണമുണ്ടായെന്ന് പറഞ്ഞ് വാഹന ഉടമയായ പ്രതികളിലൊരാള്‍ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. തെളിവായി കരടി ആക്രമണം നടത്തുന്ന സിസിടിവി വീഡിയോയും സമർപ്പിച്ചിരുന്നു. കരടി കാറിനുള്ളില്‍ നാശനഷ്ടമുണ്ടാക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
എന്നാല്‍, സിസിടിവിയില്‍ കണ്ട കരടിയുടെ ചില അസ്വാഭാവികതകള്‍ ഇൻഷുറൻസ് കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടു. കരടിയുടെ രോമത്തിലെ അസ്വാഭാവികതയും ഇത് ഹാലോവീനിന് ധരിക്കുന്ന വസ്ത്രത്തെപ്പോലെ മൃദുവായി തോന്നിയതുമാണ് സംശയത്തിനിടയാക്കിയത്.
മാത്രമല്ല, കാറിലുണ്ടായ കേടുപാടുകള്‍ കരടിയുടെ നഖം കൊണ്ടുണ്ടായതല്ലെന്ന സംശയവും ബലപ്പെട്ടു. ഇതോടെ കാലിഫോർണിയ വന്യജീവി വകുപ്പിലെ ജീവശാസ്ത്രജ്ഞന്റെ സഹായത്തോടെ ഇൻഷുറൻസ് കമ്പനി അധികൃതർ വീഡിയോയും ചിത്രങ്ങളും വീണ്ടും പരിശോധിച്ചു. ഈ പരിശോധനയിലാണ് ആക്രമണം നടത്തിയത് കരടിയല്ലെന്നും കരടിവേഷം ധരിച്ചെത്തിയ ആളാണെന്നും കണ്ടെത്തിയത്.
തുടർന്ന് ഇൻഷുറൻസ് കമ്പനി പരാതി നല്‍കിയതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെയും പിടികൂടുകയായിരുന്നു. ഇൻഷുറൻസ് തട്ടിപ്പിനായി ഉപയോഗിച്ച കരടിയുടെ വേഷവും പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.