
ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാം മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ല താരിഖ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
കറാച്ചി: ജെയ്ഷെ മുഹമ്മദ് തലവന്റെ അടുത്ത സഹായി കൊല്ലപ്പെട്ടത് അജ്ഞാതന്റെ വെടിയേറ്റായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. താരിഖിന്റെ കൊലപാതകത്തില്‍ പ്രാദേശിക ഭീകരരുടെ പങ്കിനെക്കുറിച്ചും, ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ ഉള്‍പ്പോരിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഖിന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഇന്ത്യയ്‌ക്കെതിരായ സമ്മേളനത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്നു ഇയാളെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരനാണ് മൗലാന റഹീം ഉല്ല താരിഖ്. പാകിസ്ഥാനില്‍ വച്ച് നേരത്തെ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരൻ അക്രം ഖാസി കൊല്ലപ്പെട്ടിരുന്നു. 2018 -20 കാലയളവില്‍ ലഷ്കറിലേക്കുള്ള റിക്രൂട്ട്മെന്റ് കാര്യങ്ങള്‍ ഇയാളായിരുന്നു നോക്കിയിരുന്നതെന്നാണ് വിവരം. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഷാഹിദ് ലത്തീഫും അടുത്തിടെ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.